കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പേരില്‍ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഇതു സംബന്ധിച്ച് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി.
ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. തെളിവുകള്‍ നിരത്തി ക്രോസ് വിസ്താര രീതിയിലുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക. കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ബിഷപ്പ് ഇന്നലെ നിഷേധിച്ചിരുന്നു.
ബുധനാഴ്ച പോലീസ് ഏഴു മണിക്കൂറോളമായിരുന്നു ചോദ്യംചെയ്യല്‍. ലൈംഗികാരോപണക്കേസില്‍ ഇന്ത്യയില്‍ ഒരു ബിഷപ്പ് ഇങ്ങനെ ചോദ്യംചെയ്യപ്പെടുന്നത് ആദ്യമായാണ്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്.പി. ഓഫീസില്‍ എത്തിയത്. രൂപതാ പി.ആര്‍.ഒ. ഫാ. പീറ്റര്‍ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു.
വൈകീട്ട് 6.25-ന് വിട്ടയച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്.പി. ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാങ്കോ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയെ വിവിധ പദവികളില്‍നിന്ന് നീക്കിയതിനാല്‍ തന്നോട് വൈരാഗ്യമുണ്ടെന്നും അതുകൊണ്ടാണ് കുടുക്കാന്‍ ശ്രമിക്കുന്നതെന്നും ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞതായാണ് അറിവ്. കന്യാസ്ത്രീക്കെതിരേ നേരത്തേ ഒരു സ്ത്രീ പരാതിതന്നിട്ടുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു. ഏതാനും ഫോട്ടോകള്‍, മെസേജുകള്‍ എന്നിവ ഹാജരാക്കിയതായും സൂചനയുണ്ട്.
ബിഷപ്പിനെ നേരത്തേ ജലന്ധറിലെത്തി പോലീസ് ചോദ്യംചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അന്നു പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേട് കണ്ടെത്തി. ഇവ ചോദിച്ചെങ്കിലും ബിഷപ്പ് ഉറച്ചുനിന്നു.
കുറവിലങ്ങാട് നാടുകുന്നിലുള്ള മഠത്തില്‍ 2014 മേയ് അഞ്ചിന് പോയിട്ടുണ്ടെങ്കിലും അവിടെ താമസിച്ചിട്ടില്ല. കന്യാസ്ത്രീക്ക് മൊബൈലില്‍ അയച്ച ചില സന്ദേശങ്ങള്‍ അന്വേഷണസംഘം ബിഷപ്പിനെ കാണിച്ചു. എന്നാല്‍, ഇവ എഡിറ്റുചെയ്തതാണെന്ന് ബിഷപ്പ് പറഞ്ഞു.
ജലന്ധറില്‍ നടന്ന ചോദ്യംചെയ്യലില്‍ മഠത്തില്‍ പോയിട്ടില്ല എന്നാണ് ബിഷപ്പ് പറഞ്ഞത്. മേയ് അഞ്ചിന് മുതലക്കോട്ടുള്ള മഠത്തിലാണ് പോയതെന്നും അന്ന് ബിഷപ്പ് പറഞ്ഞിരുന്നു. മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് പുതിയ മൊഴിയെന്ന് സൂചനയുണ്ട്. ഇത്തരം പൊരുത്തക്കേടുകള്‍ പോലീസ് വീണ്ടും വിലയിരുത്തും.