കൊച്ചി: ജനുവരി രണ്ടിന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവര്‍ അറിയിച്ചു. ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയതിന്റെ വാര്‍ഷികമാണ് ജനുവരി രണ്ട്.
ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാകും ദര്‍ശനം നടത്തുക.നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്‌കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ഇതിനിടെ മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ചൊവ്വാഴ്ച ദര്‍ശനത്തിന് വന്നതെന്ന വാദങ്ങള്‍ ബിന്ദു അമ്മിണി തള്ളി. ബിജെപി നേതാക്കളാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും അവര്‍ വ്യക്തമാക്കി.
ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കമുള്ളവര്‍ക്കൊപ്പം ബിന്ദു അമ്മിണിയുമുണ്ടായിരുന്നു.
കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുലായനി സ്പ്രേചെയ്ത അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പദ്മനാഭനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ക്കെതിരേ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Content Highlights:Bindu Ammini-Sabarimala-January 2