കൊല്ലം: നാനോ കാറില്‍ കറങ്ങി നടന്ന് കൊല്ലത്തും, പരിസര ജില്ലകളിലും ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ 2 പേരെ പോലീസ് അറസ്റ്റു ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ അജീത ബീഗം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കല്ലമ്പലം, പ്രസിഡന്റ് ജംഗ്ഷനില്‍, പ്രിയാ നിവാസില്‍ സുകുരാജന്റെ മകന്‍ കര്‍ണ്ണല്‍രാജ് (18), പെരിന്തല്‍മണ്ണ, ചൂണ്ടമ്പറ്റഹൗസില്‍, ഷൗക്കത്ത് അലിയുടെ മകന്‍ അനീഷ് അംജത്ത് (20) എന്നിവരാണ് പോലീസ് പിടിയിലായത്.
കൊല്ലത്തെയും പരിസര പ്രദേശങ്ങളിലെയും 200 ഓളം സി.സി.ടി.വി. ക്യാമറകളും ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിച്ചാണ് പ്രതികളെ വലയിലാക്കിയത്.
എഞ്ചിനീയറിംഗ് കോളേജ് പരിസരങ്ങളിലും, വിവാഹ മണ്ഡപത്തിനു സമീപത്തും, തിരക്കേറിയ വാഹന പാര്‍ക്കിംഗ് ഉള്ള സ്ഥലങ്ങളിലും നാനോ കാറില്‍ എത്തുന്ന ഇവര്‍ കാറിന്റെ മറവില്‍ വളരെ അതി വിദഗ്ദ്ധമായി ബൈക്കിന്റെ വയറുകള്‍ കട്ട് ചെയ്ത് വേഗത്തില്‍ ഓടിച്ചുപോവുകയാണ് ചെയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കൗമാരക്കാരായ ഇവര്‍ മോഷണം നടത്തിയശേഷം ബൈക്കുകള്‍ക്ക് രൂപമാറ്റം വരുത്തി സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് ബാംഗ്ലൂര്‍, പഞ്ചാബ്, തമിഴ്നാട്, കേരളത്തിലെ വടക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ വില്പന നടത്തുകയായിരുന്നു.
ആഡംബര ജീവിതത്തിനും ബൈക്കുകളോടുള്ള അമിത താല്പര്യം കൊണ്ടുമാണ് ഇവര്‍ ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടത്തുന്നത്. ഇതില്‍ ഒന്നാം പ്രതി കര്‍ണ്ണല്‍രാജ് കല്ലമ്പലത്ത് നാനോ കാറില്‍ എ.ടി.എം മെഷിന്‍ കെട്ടി വലിച്ച് കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്.
ഇവരുടെ അറസ്റ്റോടുകൂടി കേരളത്തില്‍ നടന്ന 23 ഓളം ബൈക്ക് മോഷണ കേസുകള്‍ക്കാണ് തുമ്പുണ്ടായത്. ഇവരുടെ പക്കല്‍ നിന്ന് ഒരു നാനോ കാറും 12 ഓളം ആഡംബര ബൈക്കുകളും പോലീസ് കണ്ടെടുത്തു. ഈ ബൈക്കുകള്‍ ഉപയോഗിക്കുന്നതിനുവേണ്ടി വ്യാജമായി ആര്‍.സി ബുക്കുകളും, മറ്റ് രേഖകളും ഉണ്ടാക്കിയെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.
എഞ്ചിന്‍ നമ്പരിലും, ചെയ്സ് നമ്പരിലും വ്യത്യാസം വരുത്തിയ ഈ ബൈക്കുകളുടെ യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും, വാഹന ഡീലര്‍മാരുടെയും സേവനം തേടിയിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച നാനോ കാറിന്റെ നമ്പര്‍ വ്യാജമാണ്.
ഇവരുടെ അറസ്റ്റോടു കൂടി നിരവധി ബൈക്ക് മോഷണ കേസുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.
കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഷിഹാബുദീന്‍, കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശി, കൊല്ലം ഈസ്റ്റ് സി.ഐ. മഞ്ചുലാല്‍, കൊല്ലം ഈസ്റ്റ് എസ്.ഐ. എസ്.ജയകൃഷ്ണന്‍, ഷാന്‍സിംഗ് (സൈബര്‍ സെല്‍), ഷാഡോ പോലീസ് എസ്.ഐ. വിപിന്‍ കുമാര്‍, ഷാഡോ പോലീസുകാരായ ഹരിലാല്‍, വിനു, സീനു, മനു, രാജന്‍, റിബു, മണികണ്ഠന്‍, പ്രശാന്ത്, നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.