തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് നേരത്തെ അനുമതി നല്‍കിയിരുന്നു.
നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കുന്നതാണ് പുതിയ മദ്യനയം. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് സുപ്രിം കോടതി നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും.
കള്ളുവില്‍പ്പന വര്‍ധിപ്പിക്കാനും പുതിയ നയത്തില്‍ നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും.
ദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും സുപ്രീം കോടതി വിധി പ്രകാരം അടച്ചു പൂട്ടിയതുമായ ബാറുകള്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കും. അവിടെ തൊഴിലെടുത്തവര്‍ക്ക് ജോലി കൊടുക്കണമെന്ന വ്യവസ്ഥയില്‍ വൃത്തിയുള്ള സാഹചര്യമുള്ള അതേ താലൂക്കിലെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് അനുമതി.
ത്രി സ്‌ററാറിനും അതിനു മുകളിലും ഉള്ള ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാന്‍ അനുമതി നല്‍കാനും നയത്തില്‍ വ്യവസ്ഥയുണ്ട്. അത് കള്ള് ഷാപ്പുകള്‍ വഴിയായിരിക്കും. വ്യവസ്ഥകള്‍ പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് കള്ള് വ്യവസായം സംരക്ഷിക്കാന്‍ ടോഡി ബോര്‍ഡ് സ്ഥാപിക്കും.
കള്ളുഷാപ്പുകള്‍ വില്‍പന നടത്തുമ്പോള്‍ സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാര്‍ഷിക വാടക നിലവിലുള്ളത് തുടരും. തെങ്ങിന്റെ എണ്ണത്തിലും മാറ്റമുണ്ടാകില്ല. മുന്‍വര്‍ഷം ഷാപ്പ് നടത്തിയവര്‍ക്കായിരിക്കും ഉടമസ്ഥതയ്ക്ക് മുന്‍ഗണന നല്‍കുക. ക്ഷേമനിധി മുടക്കിയവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യനിരോധനം പൂര്‍ണ പരാജയമാണെന്ന പറഞ്ഞ മുഖ്യമന്ത്രി ലഹരിക്കുവേണ്ടി ഏതെങ്കിലും മാര്‍ഗം സ്വീകരിക്കുന്ന അവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാറിന്റെ പുതിയ നയം വഴി ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ദേശീയപാതയുമായ ബന്ധപ്പെട്ട സുപ്രീം കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും
മദ്യവര്‍ജനത്തിന് മുന്‍തൂക്കം കൊടുക്കും. മദ്യവര്‍ജന പദ്ധതി വിമുക്തി ശക്തമായി മുന്നോട്ട് കൊണ്ടു പോകും. ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും ഏകോപിപ്പിച്ച് ഡി അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും. ഉള്ളവ പരിപോഷിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതിന് പിന്നാലെ 27 ഫൈവ് സ്റ്റാര്‍ ബാറുകളും 33 ക്ലബുകളും മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. നിയമതടസമില്ലാത്ത ബാറുകള്‍ തുറക്കുന്നതോടെ ഈസ്ഥിതി മാറും.
2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 730 ബാറുകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് 2014 മാര്‍ച്ച് 31-ന് പൂട്ടിയത് 418 ബാറുകളാണ്. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇത്.
തുടര്‍ന്ന് 2014 ഒക്ടോബര്‍ 30-ന് ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ള 250 ബാറുകളും പൂട്ടി. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 62 ആയി. പിറ്റേന്നത്തെ ഡിവിഷന്‍ ബെഞ്ച് വിധിപ്രകാരം പൂട്ടിയ 250 ബാറുകളും പിന്നീട് കോടതി അനുമതി നല്‍കിയ 12 ബാറും തുറന്നു. 2015 മാര്‍ച്ച് 31 വരെ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
പിന്നീട് വന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള 1956 മദ്യശാലകള്‍ എക്‌സൈസ് പൂട്ടി മുദ്രവെച്ചു. 137 ചില്ലറ മദ്യവില്പനശാലകളും എട്ടു ബാര്‍ ഹോട്ടലുകളും 18 ക്ലബ്ബുകളും 532 ബിയര്‍-വൈന്‍ പാര്‍ലറുകളും 1092 കള്ളുഷാപ്പുകളുമായിരുന്നു സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയത്.