തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് യോഗത്തിന്റെ അനുമതി. നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കാനാണ് എല്‍.ഡി.എഫ് തീരുമാനമെന്നാണ് സൂചന.
ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും.
ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. കള്ളുവില്‍പ്പന വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും.
മദ്യനയം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട് ഉണ്ടാകുമെന്നാണ് സൂചന.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ പൂട്ടയതിന് പിന്നാലെ 27 ഫൈവ് സ്റ്റാര്‍ ബാറുകളും 33 ക്ലബുകളും മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. നിയമതടസമില്ലാത്ത ബാറുകള്‍ തുറക്കുന്നതോടെ ഈസ്ഥിതി മാറും.
2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 730 ബാറുകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് 2014 മാര്‍ച്ച് 31-ന് പൂട്ടിയത് 418 ബാറുകളാണ്. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇത്.
തുടര്‍ന്ന് 2014 ഒക്ടോബര്‍ 30-ന് ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ള 250 ബാറുകളും പൂട്ടി. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 62 ആയി. പിറ്റേന്നത്തെ ഡിവിഷന്‍ ബെഞ്ച് വിധിപ്രകാരം പൂട്ടിയ 250 ബാറുകളും പിന്നീട് കോടതി അനുമതി നല്‍കിയ 12 ബാറും തുറന്നു. 2015 മാര്‍ച്ച് 31 വരെ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
പിന്നീട് വന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള 1956 മദ്യശാലകള്‍ എക്സൈസ് പൂട്ടി മുദ്രവെച്ചു. 137 ചില്ലറ മദ്യവില്പനശാലകളും എട്ടു ബാര്‍ ഹോട്ടലുകളും 18 ക്ലബ്ബുകളും 532 ബിയര്‍-വൈന്‍ പാര്‍ലറുകളും 1092 കള്ളുഷാപ്പുകളുമാണ് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയത്.
സര്‍ക്കാരിന്റെ കൂറ് മദ്യലോബിയോടാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പ്രതികരിച്ചു. എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയമായ മദ്യവര്‍ജനം എങ്ങനെ നടപ്പിലാക്കും? അതിന് ബാറുകള്‍ തുറക്കാതിരിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
യാതൊരു പഠനവും നടത്താതെയാണ് ബാറുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതെന്ന് ഫാ. പോള്‍ തേലക്കാട് പ്രതികരിച്ചു. ജനന്മ ലക്ഷ്യമാക്കിയുള്ള തീരുമാനമല്ല ഇതെന്നും അദ്ദേഹം ആരോപിച്ചു.