തൃശ്ശൂര്‍: കൊണ്ടാഴി പാറമേല്‍ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തുറക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുകയും തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് ഇവര്‍ കാറില്‍ എത്തിയത്. എടിഎമ്മിനകത്തെ സിസിടിവി കാമറകള്‍ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു.
ആളുകള്‍ എത്തിയതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയില്‍ കാര്‍ തകരാറിലായതോടെയാണ് ഇവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടത്. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ള കാറാണിത്. ഗ്യാസ് കട്ടറും മറ്റും വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
നേരത്തെ ചാലക്കുടി, കൊരട്ടി മേഖലകളില്‍ വ്യാപകമായി എടിഎം കവര്‍ച്ചയ്ക്ക് ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിലെ പ്രതികള്‍ അന്യസംസ്ഥാനക്കാരാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും കവര്‍ച്ചാശ്രമം ഉണ്ടായിരിക്കുന്നത്.
Content Highlights: Attempt to loot ATM failed in thrissur
Share this Article
Related Topics