കോഴിക്കോട്: ബി.ജെ.പി ഹര്‍ത്താല്‍ ദിനത്തില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനേയും മരുമകളേയും അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു.
കോഴിക്കോട് കുറ്റ്യാടി അമ്പലകുളങ്ങരയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പൊയ്കയില്‍ ശ്രീജു വിനാണ് വെട്ടേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. കാറില്‍വന്ന അക്രമി സംഘമാണ് വെട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ശബരിമല വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി ഹർത്താൽ.
പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ് മരുമകളും കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുമായ സാനിയോ മനോമി എന്നിവരെയായിരുന്നു ഹര്‍ത്താല്‍ ദിനത്തില്‍ അക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശി സുധീഷനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ശ്രീജുവിന് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് കുറ്റ്യാടി പോലീസ് അറിയിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട്ടുനിന്ന് കക്കട്ടിലെ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു നികിതാസിനും ഭാര്യയ്ക്കും നേരെ അക്രമം ഉണ്ടായത്. അക്രമത്തിന് ശേഷം കുറ്റ്യാടി പേരാമ്പ്ര മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. ഇത് അല്‍പ്പം അയഞ്ഞ സമയത്താണ് ശനിയാഴ്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേല്‍ക്കുന്നത്.ഇതോടെ സ്ഥലത്ത് പോലീസ് സ്ഥലത്ത് ശക്തമായ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലിയസ് നികിതാസ് പി. മോഹനന്റെയും മുന്‍ എം.എല്‍.എ. കെ.കെ. ലതികയുടെയും രണ്ടാമത്തെ മകനും സി.പി.എം. തയ്യുള്ളതില്‍ ബ്രാഞ്ച് അംഗവുമാണ്.
Content Highlights:Attack against rss activist at Ambalakulangara