തിരുവനന്തപുരം: വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിലാണ് അമിത് ഷാ വെല്ലുവിളി നടത്തിയത്. ഈ സര്‍ക്കാരിന്റെ രൂപവത്കരണത്തിന് ശേഷം 13 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ ഏപ്പോഴൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നുവോ അപ്പോഴൊക്കെ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനരക്ഷാ യാത്ര മുഖ്യമന്ത്രിയെ ഭയചകിതനാക്കിയെന്നതിന്റെ തെളിവാണ് സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ മാത്രമല്ല സിപിഎം സാന്നിധ്യമുള്ള ബംഗാള്‍, തൃപുര എന്നിവിടങ്ങളിലും ഇതുതന്നെയാണ് നടക്കുന്നത്. എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയിട്ടുണ്ടോ അതിന്റെ കാരണം അഴിമതിയും കുടുംബ വാഴ്ചയുമായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയും അക്രമവും മുലമാകുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. ഫോട്ടോ: എസ് ശ്രീകേഷ്
കേരളത്തിന്റ വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്ന് പിണറായി വിജയന്‍ പറയുന്നു. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാഹചര്യം ഒരുക്കിയാല്‍ അതിന് തങ്ങള്‍ തയ്യാറാണ്. കേരളത്തിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളെക്കുറിച്ച് ഞങ്ങള്‍ പറയാം. ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നതിന്റെ കാരണം പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്നും അമിത് ഷാ ചോദിച്ചു. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കേണ്ടിവന്നത്. ബിജെപിയെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമരാഷ്ട്രീയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനാധിപത്യ മുന്നേറ്റമാണ് ജനരക്ഷാ യാത്ര. കേരളത്തിലെ പ്രവര്‍ത്തകര്‍ നല്‍കിയ ബലിദാനം വെറുതെയാകില്ലെന്നും അദ്ദഹം പറഞ്ഞു.