പയ്യന്നൂര്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പയ്യന്നൂരില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തു.
രാജ്യം മുഴുവനുമുള്ള ബിജെപി പ്രവര്‍ത്തകരുടെ സംഘടിതരൂപമാണ് ജനരക്ഷായാത്രയെന്ന് അമിത്ഷാ പറഞ്ഞു. കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറിയതിനു ശേഷം 13 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ ജനരക്ഷാ യാത്ര സംഘടിപ്പിക്കുന്നത്. മാര്‍ക്‌സിസ്റ്റ് അക്രമത്തെക്കുറിച്ച് കേരളത്തിലെ ഒരോ പൗരനെയും അറിയിക്കുന്നതിനാണ് ഈ യാത്രയെന്നും അമിത്ഷാ വ്യക്തമാക്കി.
കേരളത്തില്‍ മാത്രമല്ല, സി.പി.എമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ 17-ാം തീയതിവരെ ഡല്‍ഹിയിലെ സിപിഎം ഓഫീസിലേയ്ക്കും ഡല്‍ഹിയിലെ ബിജെപി പ്രവര്‍ത്തകര്‍ പദയാത്ര നടത്തും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തില്‍ സിപിഎം അക്രമത്തിനെതിരായ ധര്‍ണകള്‍ നടത്തുമെന്നും അമിത്ഷാ പറഞ്ഞു.
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. മനുഷ്യാവകാശത്തിന്റെ വക്താക്കളായി ചമയുന്ന കമ്യൂണിസ്റ്റുകാര്‍ ബിജെപി പ്രവര്‍ത്തകരുടെ മനുഷ്യാവകാശം കാണുന്നില്ല. കേരളത്തിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേധാവിത്വം അവസാനിപ്പിക്കണം.
കേരളത്തിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ജില്ലയാണ്. ഏറ്റവും കൂടുതല്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ജില്ലയാണിത്. അതുകൊണ്ടാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പദയാത്ര നടത്താന്‍ തീരുമാനിച്ചത്. കേരളത്തില്‍ അക്രമത്തിന്റെ ചെളിക്കുണ്ട് സൃഷ്ടിക്കാന്‍ സിപിഎം എത്ര ശ്രമിച്ചാലും ആ ചെളിക്കുണ്ടില്‍നിന്ന് താമര ഉയര്‍ന്നുവരും- അമിത്ഷാ പറഞ്ഞു.
ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
രാവിലെ അമിത്ഷാ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. രാവിലെ പത്തരയോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കന്‍മാരോടൊപ്പം ക്ഷേത്രത്തിലെത്തിയ അമിത്ഷാ പൊന്നിന്‍കുടം വെച്ച് തൊഴുതു.
ആദ്യദിവസം പയ്യന്നൂര്‍മുതല്‍ പിലാത്തറവരെയാണ് യാത്ര. ഈ പദയാത്രയില്‍ അമിത്ഷാ പങ്കെടുക്കും. ഹരിയാനയില്‍ നിന്നുള്ള എം.പി.മാരും എം.എല്‍.എമാരും നേതാക്കളും അടങ്ങുന്ന നൂറ്് പേര്‍ ആദ്യ ദിവസത്തെ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘം പദയാത്രയില്‍ അണിചേരും. 300 സ്ഥിരാംഗങ്ങള്‍ ജാഥയില്‍ ഉണ്ടാകും.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ് എന്നിവര്‍ യാത്രയിലുണ്ട്. യാത്രാ നായകന്‍ കുമ്മനം രാജശേഖരന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ പയ്യന്നൂരിലുണ്ട്. കാസര്‍കോട് ജില്ലയില്‍നിന്നുള്ളവര്‍ ആദ്യദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള യാത്രയില്‍ പങ്കെടുക്കും. പയ്യന്നൂര്‍ ശ്രീപ്രഭാ ഓഡിറ്റോറിയത്തില്‍ 10,000 പേര്‍ക്ക് ഉച്ചഭക്ഷണമൊരുക്കും. ദൂരെനിന്ന് എത്തുന്ന പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണിത്. 20 കൗണ്ടറുകളിലായി വെജിറ്റബിള്‍ ബിരിയാണിയാണ് വിതരണം ചെയ്യുക.
പയ്യന്നൂര്‍ ടൗണിലെ മൂന്ന് കേന്ദ്രങ്ങളില്‍നിന്ന് തുടങ്ങി സെന്‍ട്രല്‍ ബസാറില്‍ സംഗമിച്ചാണ് ജാഥ പ്രയാണം തുടങ്ങുക. പയ്യന്നൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര ഏഴിലോട്ട് അരമണിക്കൂര്‍ വിശ്രമിക്കും. ആറുമണിക്ക് പിലാത്തറയിലെത്തുകയും തുടര്‍ന്ന് പൊതുയോഗം നടക്കും.