തിരുവനന്തപുരം: അത്യാസന്നനിലയിലുള്ള രോഗിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ വരാന്തയില്‍ ഉപേക്ഷിച്ച് ആംബുലന്‍സ് ഡ്രൈവര്‍ കടന്നുകളഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരേ ആശുപത്രി അധികൃതര്‍ പരാതി നല്‍കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് സംഭവം. കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ച രോഗിക്കാണ് ദുരവസ്ഥയുണ്ടായത്.
കല്ലമ്പലത്ത് നിന്ന് എസ്.കെ.എസ്.എസ്.എഫിന്റെ ആംബുലന്‍സിലാണ് രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. രോഗിയുടെ കൂടെ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ആശുപത്രിയില്‍ എത്തിയശേഷം രോഗിയുടെ കൂടെയുണ്ടായിരുന്ന ആളെ ഒപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന്, ആംബുലന്‍സ് ജീവനക്കാര്‍ രോഗിയെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കിടത്തി കടന്നുകളയുകയായിരുന്നു.
എന്നാല്‍, ഐസിയുവിന് മുന്നില്‍ ഒരാള്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ രോഗിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. രോഗിയുടെ പക്കല്‍ ചികിത്സാ രേഖകളോ, മറ്റ് ആളുകളോ ഇല്ലായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാരാണ് ഇയാളുടെ ബന്ധുവിനെ കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് രോഗിയെ ഉപേക്ഷിച്ച് പോയ ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ പരാതി നല്‍കി. രോഗി ഇപ്പോള്‍ ഐസിയുവില്‍ ചികിത്സയിലാണ്