കാറിന് പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി


ബിജു പങ്കജ്‌

കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമലോ പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്ന് കണ്ടെത്തി.

പോണ്ടിച്ചേരി: സംസ്ഥാനത്തെ 'വിഐപി തട്ടിപ്പുകാരെ' കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്ന് കണ്ടെത്തി. മാതൃഭൂമി ന്യൂസ് നടത്തുന്ന അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്‌.

ഓഗസ്ത് നാലിന് ബെംഗളൂരുവിലെ ഏജന്‍സിയില്‍നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്.

തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാര്‍ രജിസ്‌ട്രേഷന്‍. എന്നാല്‍ ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാര്യമോ അറിയുക പോലുമില്ല.

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന ചട്ടം നിലവിലുള്ളതിനാലാണ്‌ ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയതെന്നാണ് സൂചന. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram