കോഴിക്കോട്: പരുന്തുകളുടെ ചിറകരിഞ്ഞുള്ള ടൂറിസം കച്ചവടത്തില്‍ നടപടി എടുക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശം നല്‍കി. മാതൃഭൂമി ഓണ്‍ലൈനിൽ വന്ന വാർത്ത ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനും സത്യമാണെന്നു ബോധ്യപ്പെട്ടാല്‍ നടപടി എടുക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ആലപ്പുഴ ജില്ലാ കളക്ടര്‍ എന്ന ഫെയ്സ്ബുക് പേജിലൂടെയായിരുന്നു കളക്ടറുടെ പ്രതികരണം.
''മാതൃഭൂമി ഓണ്‍ലൈന്‍ ന്യൂസില്‍ വന്ന ആലപ്പുഴ ജില്ലയിലെ 'പരുന്തുകളുടെ ചിറകരിഞ്ഞുള്ള ടൂറിസ കച്ചവടം ' എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അപ്പോള്‍ തന്നെ Assistant Forest Conservator Alappuzha യോട് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുവാനും സത്യമാണെന്നു ബോധ്യപ്പെട്ടാല്‍ നടപടി എടുക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.''- കളക്ടര്‍ കുറിച്ചു.
കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കുട്ടനാട് ഭാഗത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്തിയെന്ന് ആലപ്പുഴയിലെ സോഷ്യല്‍ ഫോറസ്റ്ററി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിജു എസ് അറിയിച്ചു. വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടുള്ള കൈനകരി ഹൗസ് ബോട്ട് ടെര്‍മിനല്‍, പള്ളത്തുരുത്തി, നെടുമുടി, കുപ്പപ്പുര തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പരുന്തുകളുടെ ചിറകും വാലും മുറിച്ചുമാറ്റി വിനോദസഞ്ചാരികളുടെ മുന്നില്‍ പ്രദര്‍ശന വസ്തുക്കളാക്കുന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആകാശത്ത് ഒന്നരമണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ കഴിവുള്ള പരുന്തുകളെ, ചിറകും വാലും മുറിച്ചുമാറ്റി വിനോദസഞ്ചാരികളുടെ മുന്നില്‍ പ്രദര്‍ശനവസ്തുവാക്കുന്നുവെന്നതായിരുന്നു വാര്‍ത്ത. കേരളത്തിലെ ജലാശയമേഖലകളില്‍ വ്യാപകമായി കാണപ്പെടുന്ന കൃഷ്ണപ്പരുന്തുകളെ (ബ്രാഹ്മിണി കൈറ്റ്) ഇത്തരത്തില്‍ ഉപയോഗിക്കുന്ന പ്രവണത ആലപ്പുഴയിലെ കൈനകരി ഹൗസ്ബോട്ട് ടെര്‍മിനലിലാണ് വ്യാപകമായിട്ടുള്ളത്. മൂന്നടിയോളം വീതിയുള്ള ചിറകും പറക്കുമ്പോള്‍ ദിശനിയന്ത്രിക്കാനുള്ള വാലുമുള്‍പ്പെടെ ഒന്നരയടി നീളവുമുള്ളവയാണ് കൃഷ്ണപ്പരുന്തുകള്‍. ഇത് വെട്ടിച്ചുരുക്കി പകുതിയാക്കുന്നതോടെ അവയ്ക്ക് അധികനേരം പറക്കാന്‍ ശേഷിയില്ലാതാവുന്നു.
ഇണങ്ങിയ പരുന്തുകളെന്ന് വിനോദസഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ചാണ് കൈയിലിരുത്താനും ഫോട്ടോയെടുക്കാനും നല്‍കുന്നത് 20 രൂപമുതല്‍ വാടകയാണ് വാങ്ങുന്നത്. വന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പരുന്തിനെ വളര്‍ത്തുന്നതോ, വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതോ ശിക്ഷാര്‍ഹമാണ്. ചിറകരിയലും കൂടിയാകുമ്പോള്‍ വേട്ടയാടല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാകും. ഒരുവര്‍ഷംമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയുമാണ് ലഭിക്കാവുന്ന ശിക്ഷ.
ഏതാനും മാസംമുമ്പുവരെ ഒരു പരുന്തിനെ മാത്രമാണ് കൈനകരിയില്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്. പുരവഞ്ചികളുടെ രാത്രി പാര്‍ക്കിങ്ങിനായി നിര്‍മിച്ച കൈനകരി ഹൗസ്ബോട്ട് ടെര്‍മിനലില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ പരുന്തുകളുടെ എണ്ണവും കൂടി.