കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷാ സത്യം മാത്രമെ പറയാവുയെന്ന് ഹൈക്കോടതി. മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ബുധനാഴ്ചയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.
നാദിര്‍ഷായുടെ മൊഴിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കൂട്ടത്തില്‍ പരിശോധിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതേസമയം ബുധനാഴ്ച അന്വേഷണ സംഘത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഉറപ്പും ഉത്തരവില്‍ ഇല്ല. ഇത് അന്വേഷണ സംഘത്തെ സംബന്ധിച്ച് ആശ്വാസത്തിന് വകനല്‍കുന്നതാണ്.
ബുധനാഴ്ച നാദിര്‍ഷായുടെ ഹര്‍ജി പരിഗണിക്കവെ രൂക്ഷമായ വിമര്‍ശനങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശ്യമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ആരാഞ്ഞ കോടതി നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെയെന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും ആരാഞ്ഞു.
കേസന്വേഷണം എന്ന് തീരുമെന്നു ചോദിച്ച കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍സുനിയെ ചോദ്യം ചെയ്യുന്നതെന്നുള്ള സംശയവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാക്കാലുള്ള പരാമര്‍ശങ്ങളാണ് വിധിന്യായത്തില്‍ നിന്ന് ഓഴിവാക്കിയിരിക്കുന്നത്.
കേസില്‍ നാദിര്‍ഷാ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹാജരാകുന്നത്.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ നാദിര്‍ഷാ ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നു. നടിയെ ആക്രമിക്കാനുളള ക്വട്ടേഷന്‍ തുകയായി 25,000 രൂപ നാദിര്‍ഷ തനിക്കു കൈമാറിയിരുന്നെന്നുവെന്ന് പ്രതിയായ പള്‍സര്‍ സുനി അടുത്തിടെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ പശ്ചാത്തലത്തിലാണു നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.