കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ഇന്ന് ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി നാദിര്‍ഷാ ആലുവ പൊലീസ് ക്ലബിലെത്തി.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷായ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യില്ല.
നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായിരുന്നു അത്. പിന്നീട് ദിലീപ് അറസ്റ്റിലായതിന് ശേഷം രേഖപ്പെടുത്തിയ മറ്റ് മൊഴികളും പരിശോധിച്ചതില്‍ നിന്ന് നാദിര്‍ഷായുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാദിര്‍ഷായ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്.
അതേസമയം തന്നെ അറസ്റ്റ് ചെയ്യാനാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന ഭീതിയെ തുടര്‍ന്നാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. നടിയെ ആക്രമിക്കാനുളള ക്വട്ടേഷന്‍ തുകയായി 25,000 രൂപ നാദിര്‍ഷ തനിക്കു കൈമാറിയിരുന്നെന്നു പ്രതിയായ പള്‍സര്‍ സുനി അടുത്തിടെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ പശ്ചാത്തലത്തിലാണു നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. നാദിര്‍ഷായുടെ ജാമ്യാപേക്ഷ 18 നാണ് പരിഗണിക്കുക.