ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും അമ്മ ഭാരവാഹിയുമായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍. ഇടവേള ബാബുവിനെ പോലീസ് ക്ലബ്ബിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്. ചലച്ചിത്ര നിര്‍മാണ മേഖലയിലെ ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് ഇടവേള ബാബുവിനെ ചോദ്യംചെയ്യുന്നതെന്നാണ് സൂചന. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദിക്കുമെന്നാണ് അറിയുന്നത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയായ സന്തോഷ് കുമാറില്‍നിന്ന് പോലീസ് ഇന്നു രാവിലെ മൊഴിയെടുത്തിരുന്നു. ബാല്യകാല സുഹൃത്തായ സന്തോഷ് കുമാര്‍ പിന്നീട് ദിലീപുമായി തെറ്റാനിടയായ സാഹചര്യങ്ങളും പോലീസ് ആരാഞ്ഞിരുന്നു.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ പല പ്രമുഖരെയും ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, നടന്‍ മുകേഷ്, കാവ്യയുടെ അമ്മ, ഗായിക റിമി ടോമി തുടങ്ങിയവരെ വീണ്ടും ചോദ്യംചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
കാവ്യ മാധവനെയും അമ്മ ശ്യാമളയെയും അന്വേഷണസംഘം നേരത്തെ ചോദ്യംചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം പ്രതിയായ പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായും ഇവിടെനിന്ന് ഇവര്‍ പണം കൈപ്പറ്റിയതായും പോലീസിന് സൂചന ലഭിച്ചിരുന്നു. കാവ്യ മാധവന്റെ ഡ്രൈവറായി സുനി പ്രവര്‍ത്തിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് ഗായിക റിമി ടോമിയെ ചോദ്യംചെയ്തിരുന്നു. സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് വിവരങ്ങളും കാവ്യയും ദിലീപുമായുള്ള ബന്ധവും റിമിയോട് ആരാഞ്ഞിരുന്നു.