അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ നടൻ ദിലീപ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് ദിലീപ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്. 'എന്നെ കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും' എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. രാവിലെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനെത്തിച്ച ദിലീപിനുനേരെ വലിയ പ്രതിഷേധമാണ് ജനങ്ങളില്‍നിന്ന് ഉണ്ടായത്.
നേരത്തെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് കയറുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് 'എല്ലാം കഴിയട്ടെ' എന്നു മാത്രമാണ് ദിലീപ് പ്രതികരിച്ചിരുന്നത്.
ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാംകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും മജീസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനൂപ് മജിസ്ട്രറ്റിന്റെ വസതിയില്‍നിന്ന് പുറത്തുവന്നത്.
ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച 19 തെളിവുകളും കൃത്രിമ തെളിവുകളാണെന്ന് അഡ്വ. രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും നാളെ അപേക്ഷ കോടതി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാമ്യമില്ലാ വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്. പള്‍സര്‍ സുനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നാണ് പോലീസ് കണ്ടെത്തിയത്. പള്‍സര്‍ സുനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദിലീപ് ഡേറ്റ് നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ആലുവ സബ്ജയിലില്‍ പ്രത്യേക സെല്‍ നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതായാണ് സൂചന. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചത്.