ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ആലുവ സബ്ജയിലില്‍ അടച്ചു. 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്ന് 7.30 ഓടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്.
ജയിലിലെത്തി വളരെ പെട്ടെന്നുതന്നെ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചു. ദിലീപിനെ എത്തിക്കുന്നതിനു ജയിലില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മുന്‍പുതന്നെ നടപടിക്രമങ്ങള്‍ക്ക് അധികൃതര്‍ തയ്യാറെടുത്തിരുന്നു. ജയില്‍ പരിസരത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയ സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.
വലിയ പ്രതിഷേധവുമായി സ്ഥലത്തെത്തിയ ജനങ്ങളെ ജയലിനു മുന്നിലേയ്ക്ക് കടത്തിവിട്ടില്ല. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനങ്ങള്‍ ദിലീപിനെതിരെ പ്രതിഷേധിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ജയില്‍ പരിസരത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നത്.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാംകുമാറാണ് ജദിലീപിന് വേണ്ടി ഹാജരായത്. ദിലീപിനെതിരായി പോലീസ് ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് രാംകുമാര്‍ പറഞ്ഞു. ദിലീപിനു വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇന്നലെ ദിലീപിന്റെ അറസ്റ്റില്‍ കലാശിച്ചത്.
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിക്ക് നീങ്ങുകയായിരുന്നു.
ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയതിന്റെയും ദിലീപിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനി എത്തിയതിന്റെയും തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു.