പാലക്കാട്: വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട തന്നെ പാര്‍ട്ടി അംഗത്വത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നതിന് വി.എസ് ഒന്നും ചെയ്തില്ലെന്നും പാര്‍ട്ടിക്ക് നയവ്യതിയാനം സംഭവിച്ചെന്നും സുരേഷ് ആരോപിച്ചു.
തിരിച്ചെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയത് വി.എസ് ആവശ്യപ്പെട്ട പ്രകാരമാണ്. അപ്പീലില്‍ പാര്‍ട്ടി നടപടിയുണ്ടായില്ല. നടപടിയെടുക്കുന്നതിനും പാര്‍ട്ടിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനും വി.എസ് ഒന്നും ചെയ്തില്ല. വിഎസിന്റെ പിഎ എന്ന നിലയില്‍ ഒരു ജോലിയായിരുന്നില്ല താന്‍ ചെയ്തിരുന്നതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ പോലും മാറ്റിവെച്ചാണ് താന്‍ വിഎസിനൊപ്പം നിന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
ഒ. കെ വാസു, എ. അശോകന്‍ എന്നിവരെ കൂടെക്കൂട്ടുകയും എസ്. ശിവരാമനും എം.ആര്‍ മുരളിയ്ക്കും വാതില്‍ തുറന്നുകൊടുക്കുകയും ചെയ്ത പാര്‍ട്ടിക്ക് താന്‍ അടക്കമുള്ളവരെ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്നും സുരേഷ് പറയുന്നു. അനുയായികളായിരിക്കുന്നവരെ പാര്‍ട്ടിക്ക് അംഗീകരിക്കാനാവുന്നില്ല. അതേസമയം, ബൂര്‍ഷ്വാ പാര്‍ട്ടിക്കുപോലും സ്വീകരിക്കാനാവാത്തവരെ അംഗീകരിക്കുകയും ചെയ്യുന്നു. ഇത് പാര്‍ട്ടിക്ക് സംഭവിച്ച നയവ്യതിയാനത്തിന്റെ പ്രതിഫലനമാണ്. പാര്‍ട്ടിയില്‍ തനിക്ക് ഗോഡ്ഫാദറില്ല. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും സിപിഎം അനുഭാവിയായി തുടരുമെന്നും സുരേഷ് വ്യക്തമാക്കി.
വി.എസ് പ്രതിപക്ഷനേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും 13 വര്‍ഷത്തോളം വിഎസിന്റെ സന്തതസഹചാരിയായിരുന്നു എ. സുരേഷ്. വാര്‍ത്ത ചോര്‍ത്തല്‍ കുറ്റം ആരോപിച്ചാണ് 2013 മേയില്‍ വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വി.കെ ശശിധരന്‍, കെ. ബാലകൃഷ്ണന്‍ എന്നിവരെയും എ. സുരേഷിനെയും പി.ബി തീരുമാനപ്രകാരം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015 ഡിസംബറിലാണ് എ. സുരേഷ് പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.