സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ - സാമൂഹിക പ്രതിസന്ധികള്‍ അതീവ ഗുരുതരമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്‍. അനീതിക്കെതിരെ ക്ഷോഭിക്കുന്ന ഒരു യുവാവ് എപ്പോഴും മേതിലിന്റെ ഉള്ളിലുണ്ട്. മനുഷ്യന് വേണ്ടി മാത്രമല്ല ഈ പ്രഞ്ചത്തിലെ പുഴുക്കള്‍ക്കു വേണ്ടിയും നിലകൊള്ളുന്ന രാഷ്ട്രീയമാണ് മേതിലിന്റേത്. ഈ പരിസരങ്ങളില്‍നിന്നുകൊണ്ട് മേതില്‍ രാധാകൃഷ്ണന്‍ ആശങ്കകളും ആകുലതകളും പങ്കുവെയ്ക്കുന്നു
ഒരേസമയം ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെയും ജെ.എന്‍.യുവിലെയും സംഭവവികാസങ്ങള്‍ ഇന്ത്യ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് ഒരു നിര്‍ണ്ണായകഘട്ടത്തില്‍ കൂടിയാണെന്നുതന്നെയാണ് വ്യക്തമാക്കുന്നത്. മേതിലിന് എന്താണ് പറയാനുള്ളത്?
ഇന്ത്യ വീണ്ടും വിഭജിക്കപ്പെടേണ്ടി വരുമോ എന്ന ആശങ്കയാണ് എന്നെ നയിക്കുന്നത്. 1947 ന് സമാനമായ ഒരു അന്തരീക്ഷം ഉടലെടുക്കുകയാണോയെന്ന ഭയം എന്നിലുണ്ട്. അഹിന്ദുക്കളും ഹിന്ദുക്കളുമായി ഇന്ത്യ പുനര്‍വിഭജിക്കപ്പെടേണ്ടി വരുമോയെന്ന ചോദ്യമാണത്. അതിനുള്ള തയ്യാറെടുപ്പുകളാണ് ചില കോണുകളില്‍ നടക്കുന്നത്.
ജനാധിപത്യത്തിന്റെ പരാജയം ഇതിലുണ്ട്. നിങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടമാണിത്. ഇത്തരം ഭരണകൂടങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നു എന്നതാണ് ജനാധിപത്യത്തിന്റെ പരാജയം. ലോകത്തിലെ ഏറ്റവും മോശമായ ഭരണസംവിധാനമാണ് ജനാധിപത്യം എന്നാണ് ഞാന്‍ പറയുക. അത്യധികം ഗുരുതരമായ സ്ഥിതിവിശേഷമാണിത്. ഹിന്ദുക്കളും അഹിന്ദുക്കളും എന്ന ചേരിതിരിവുണ്ടാക്കി ഭരണം പിടിച്ചു നിര്‍ത്താനുള്ള കുത്സിത ശ്രമമാണിത്.
അധികാരം ആര്‍.എസ്.എസ്. ഇതു പോലെ രുചിച്ചിട്ടുള്ള മറ്റൊരു കാലം ഇന്ത്യയിലുണ്ടായിട്ടില്ല.അതുകൊണ്ടുതന്നെ അധികാരം നിലനിര്‍ത്താന്‍ ആര്‍.എസ്.എസും ബി.ജെ.പിയും അവര്‍ക്കേറ്റവും ഇഷ്ടമുള്ള, എളുപ്പമുള്ള വര്‍ഗ്ഗീയവത്കരണത്തിലേക്ക് തിരിയുകയാണെന്ന നിരീക്ഷണത്തെക്കുറിച്ച്?
ബി.ജെ.പിയെ ഒരു രാഷ്ട്രീയപാര്‍ട്ടിയായി ഞാന്‍ അംഗീകരിച്ചിട്ടില്ല. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഞാന്‍ നിരന്തരം വിമര്‍ശിക്കാറുണ്ട്. പക്‌ഷേ, അതൊരു കുടുംബ വിഷയമാണെന്നാണ് ഞാന്‍ പറയുക. കോണ്‍ഗ്രസിനും പറയാന്‍ ചരിത്രവും പൈതൃകവുമുണ്ട്. നെഹ്‌റുവിനെപ്പോലൊരു നേതാവുണ്ടായിരുന്ന പാര്‍ട്ടിയാണത്. ആ പാര്‍ട്ടി ഇന്നിപ്പോള്‍ ദുര്‍ബ്ബലമായി എന്നത് മറ്റൊരു കാര്യം. പക്‌ഷേ, ബി.ജെ.പിയെയൊന്നും ഒരു പാര്‍ട്ടിയായി കാണാന്‍ എനിക്കാവില്ല. രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചത് എന്നാണ്. രാഷ്ട്രീയമല്ല മതവും ജാതിയുമാണ് ബി.ജെ.പിയുടെ അടിസ്ഥാനം. അങ്ങിനെയുള്ള അടിത്തറയില്‍നിന്നുകൊണ്ട് രാജ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കാവില്ല. ജാതിയും മതവും തന്നെയായിരിക്കും അവരെ നയിക്കുക.
എന്നെ ഇപ്പോഴും അലട്ടുന്ന, വേദനിപ്പിക്കുന്ന ഒരു സംഗതി ബാബ്‌റി മസ്ജിദ് പൊളിച്ചവര്‍ ഇപ്പോഴും സ്വതന്ത്രരായി കഴിയുന്നുവെന്നതാണ്. 1992 ല്‍ നടന്ന ഒരു കുറ്റത്തിന്റെ ഉത്തരവാദികളെ ഇനിയും പിടികൂടി ജയിലിലടയ്ക്കാനായില്ലെന്നത് എന്നെ ഞെട്ടിപ്പിക്കുന്നു. ബാബ്‌റി മസ്ജിദ് പള്ളിയോ ആരാധനാലയമോ എന്നതല്ല പ്രശ്‌നം. ഏതൊരു കെട്ടിടത്തിനും ഉടമസ്ഥനുണ്ട്. ഉടമസ്ഥന്റെ അനുമതിയില്ലാതെ കെട്ടിടം പൊളിക്കുന്നത് കുറ്റമാണ്. പക്‌ഷേ, ഇവിടെ കുറ്റക്കാരെ പിടികൂടാന്‍ ഇനിയും നമ്മുടെ നിയമ സംവിധാനത്തിനായിട്ടില്ല.
മതേതരത്വം എന്ന നയം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എല്ലാ മതങ്ങളേയും അംഗീകരിക്കുന്നതാണ് ഇന്ത്യയുടെ മതേതരത്വം. ഒരു മതത്തേയും അംഗീകരിക്കാത്ത മതേതരത്വമാണ് വേണ്ടത്. നിങ്ങള്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ടായിരിക്കണം. പക്‌ഷേ, രാഷ്ട്രം ഒരു മതത്തേയും പ്രോത്സാഹിപ്പിക്കരുത്.
കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് കരുതുന്നുണ്ടോ ?
കോണ്‍ഗ്രസ് നേതൃത്വം ദയനീയമായി പരാജയപ്പെട്ടുപോയി. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ കൃത്യമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസിനെതിരായി ജനവികാരത്തിന്റെ തിരമാലകള്‍ ഉയര്‍ത്തിയത് ആ സമരങ്ങളാണ്. ഇതിനു പിന്നില്‍ ആര്‍.എസ്.എസിന്റെ ഇടപെടലുണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്‌ഷേ, ബി.ജെ.പിയുടെ മുന്നേറ്റത്തിന് രാസത്വരകമായി പ്രവര്‍ത്തിച്ചത് അണ്ണാ ഹസാരെയും കൂട്ടരുമാണ്.
മോദിയുടെ ഈ രിതിയിലുള്ള വരവ്, മുന്നേറ്റം അത്ഭുതപ്പെടുത്തിയിരുന്നോ ?
കുറെയൊക്കെ പ്രതിക്ഷിച്ചിരുന്നതാണ്. അതേസമയം ഞെട്ടിപ്പിക്കുകയും ചെയ്തു. ഒരാളിലേക്ക് ഇത്രമാത്രം അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് പ്രശ്‌നം തന്നെയാണ്. 1990കളില്‍ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ യൂത്ത് എക്‌സപ്രസ് എഡിറ്ററായിരിക്കുമ്പോള്‍ ഞങ്ങള്‍ ചില സര്‍വ്വെകള്‍ നടത്തി പ്രസിദ്ധീകരിക്കുമായിരുന്നു. ഗാന്ധിജിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും സുപ്രധാന വ്യക്തി ആരാണെന്നതായിരുന്നു ഒരു സര്‍വ്വേയിലെ ചോദ്യം. അന്ന് ഭൂരിപക്ഷം പേരും പറഞ്ഞത് വാജ്‌പേയിയുടെ പേരാണ്. അന്ന് ബി.ജെ.പി. ഇത്രയും വളര്‍ന്നിട്ടില്ല. ഒരു പക്‌ഷേ, അന്നുതൊട്ടേ മോദിയുടെയൊക്കെ വരവിന് കളമൊരുങ്ങുന്നുണ്ടായിരിക്കണം.
മോദിയുടെ വരവില്‍ ബാക്കിയായ വലിയൊരു ചോദ്യം ഇടതു പക്ഷം എവിടെപ്പോയെന്നതാണ്. കോണ്‍ഗ്രസ് തകരുന്നത് മുന്‍കൂട്ടി കാണാനാവുമായിരുന്നു. പക്‌ഷേ, ഇടതുപക്ഷത്തിന്റെ ഇടത്തിലേക്കാണ് അണ്ണാ ഹസാരെയെപ്പോലുള്ളവര്‍ കയറി വന്നത്. കോണ്‍ഗ്രസ് വിരുദ്ധ വികാരം മാത്രമാണ് മോദിക്കും കൂട്ടര്‍ക്കും ഇത്രയും വലിയ ഭൂരിപക്ഷം നല്‍കിയതെന്നു പറയാനാവില്ല. അങ്ങിനെയാണെങ്കില്‍ ഇടതുപക്ഷം അടക്കമുള്ള മറ്റ് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ക്കും നേട്ടമുണ്ടാവണമായിരുന്നു.
പ്രകാശ് കാരാട്ടിനെപ്പോലുള്ള പ്രത്യയശാസ്ത്ര വിദഗ്ധരും ജനങ്ങളുമായി കാര്യമായി ബന്ധമില്ലാത്തവരും പാര്‍ട്ടി നേതൃത്വത്തില്‍ വന്നതാണ് സി.പി.എമ്മിന്റെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിമര്‍ശമുണ്ട്്?
ഈ വാദത്തില്‍ വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നേതാക്കള്‍ അത്ര വലിയ ഘടകമല്ല. വല്ലാത്ത ബ്രാന്‍ഡ് ലോയല്‍റ്റിയുള്ള പാര്‍ട്ടിയാണത്. പാര്‍ട്ടിയാണ്, വ്യക്തിയല്ല മുഖ്യം. പാര്‍ട്ടിയുടെ നേതാക്കളെല്ലാവരും ജയിലിലായിരുന്നപ്പോഴും വളരെ ഊര്‍ജ്വസ്വലമായാണ് പാര്‍ട്ടി അണികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗൗരിയമ്മയും എം.വി. രാഘവനും പാര്‍ട്ടി വിട്ടുപോയിട്ട് വലിയ പ്രശ്‌നമൊന്നുമുണ്ടായില്ലല്ലോ! 1964 ല്‍ പാര്‍ട്ടി പിളരുമ്പോള്‍ മിക്ക നേതാക്കളും സി.പി.ഐയിലായിരുന്നു. അപ്പോള്‍ പാര്‍ട്ടി ക്ഷീണിച്ചതിനു പിന്നില്‍ നേതൃത്വമല്ല, പാര്‍ട്ടിയുടെ തന്നെ പരാജയമാണെന്നു വേണം കരുതാന്‍. അതെന്താണന്നത് ആഴത്തില്‍ വിശകലനം ചെയ്യേണ്ട കാര്യമാണ്.
മേതില്‍ കമ്മ്യൂണിസം വിടാനുള്ള കാരണം?
പത്തു വയസ്സു തികയും മുമ്പേ കമ്മ്യൂണിസ്റ്റായിരുന്നയാളാണ് ഞാന്‍. പാലക്കാട് സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ രൂപവത്കരിച്ചത് ഞാനടക്കമുള്ളവര്‍ ചേര്‍ന്നാണ്. എസ.എഫിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു ഞാന്‍. എനിക്കൊരു പാര്‍ട്ടിയേ ഉണ്ടായിരുന്നുള്ളു. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. പാര്‍ട്ടി വിടാനുള്ള കാരണം മറ്റു പലരും വിട്ടതിനുള്ള കാരണം തന്നെയാണ്. പാര്‍ട്ടി പരാജയപ്പെട്ടു. '' communism is the god that failed.''
ചിറ്റൂര്‍ കോളേജില്‍ ബി.എയ്ക്ക് പഠിക്കുമ്പോള്‍ പി. ഗോവിന്ദപ്പിള്ളയെ കണ്ടു. പി.ജി. കോളേജിലെത്തിയപ്പോള്‍ കാണണമെന്നാവശ്യപ്പെടുകയായിരുന്നു. പഠനം കഴിഞ്ഞാല്‍ എന്താണ് പരിപാടിയെന്ന് പി.ജി. ചോദിച്ചു. പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ പറഞ്ഞു. ബി.എ. റിസല്‍ട്ട് വന്നതിന്റെ അടുത്ത ദിവസം പി.ജിയുടെ കത്ത് വന്നു. ''എപ്പോഴാണ് ദേശാഭിമാനിയില്‍ ചേരുന്നത്?'' ഇന്നുതന്നെ ചേരാം എന്നായിരുന്നു എന്റെ മറുപടി. ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് തുടങ്ങുന്നത് ഞാനാണ്. പക്‌ഷേ, കോഴിക്കോട് മൂന്നു മാസം മാത്രമേ ഞാന്‍ ദേശാഭിമാനിയിലുണ്ടായിരുന്നുള്ളൂ.
നക്‌സലിസം കേരളത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയ കാലമായിരുന്നു അത്. മന്ദാകിനിയും കുന്നിക്കല്‍ നാരായണനും മാവോയുടെ റെഡ്ബുക്ക് പ്രചരിപ്പിക്കുന്ന കാലം. ഒന്നുകില്‍ നക്‌സലിസത്തിലേക്ക് അല്ലെങ്കില്‍ പൂര്‍ണ്ണമായും രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുക എന്നിങ്ങനെ രണ്ടു വഴികളേ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. നക്‌സല്‍ മൂവ്‌മെന്റിനെ അടുത്തറിയാന്‍ ഞാന്‍ ശ്രമിച്ചു. പക്‌ഷേ, നക്‌സലിസം വിജയിക്കാന്‍ പോവുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ അവരോട് പറഞ്ഞു. ''ഒരു യുദ്ധം ജയിക്കാനുള്ള ലൊജിസ്റ്റിക്‌സ് നിങ്ങള്‍ക്കില്ല.'' ഞാന്‍ പാര്‍ട്ടി വിട്ടു, സജീവ രാഷ്ട്രിയവും വിട്ടു. പക്‌ഷേ, പാര്‍ട്ടി വിട്ടത് വലിയൊരു ശൂന്യതയുളവാക്കി. ആ ശൂന്യത ഇപ്പോഴും എന്റെയുള്ളിലുണ്ട്്.
മോദി സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തല്‍ ?
ഇന്ത്യന്‍ ജനത സുവര്‍ണ്ണാവസരമാണ് മോദിക്ക് നല്‍കിയത്. പക്‌ഷേ, മോദി അത് കളഞ്ഞുകുളിച്ചു. മതത്തെ മാറ്റിനിര്‍ത്തി ഭരണം മുന്നോട്ടുകൊണ്ടുപോവാന്‍ മോദി തയ്യാറാവണമായിരുന്നു. അതുണ്ടായില്ല. ഒരു രാ്ഷട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പിയുടെ പരാജയം കൂടിയാണത്.
ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി?
വിശാലമായ ഇടതുപക്ഷ ഐക്യം വേണ്ട സമയമാണിത്. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അജയഘോഷായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലീഡര്‍. അപാരമായ നേതൃശേഷിയുള്ള വ്യക്തി. ഒരു പക്‌ഷേ, അജയഘോഷിനെപ്പോലൊരാളുടെ അസാന്നിദ്ധ്യം പിളര്‍പ്പിന് കാരണമായിട്ടുണ്ടാവാം. എന്തായാലും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരുമിക്കേണ്ട സമയമാണിത്. ''extreme situations demand extreme reactions.And this is definitely an extreme situation .'' ഈ വിശാല സഖ്യത്തിലേക്ക് കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. കോണ്‍ഗ്രസ് ഒരു മതാധിഷ്ഠിത പാര്‍ട്ടിയല്ല. മതമില്ലാത്ത എല്ലാ പാര്‍ട്ടികളും ഒന്നുചേര്‍ന്നാണ് ഈ ഘട്ടത്തില്‍ ഇന്ത്യയെ രക്ഷിക്കേണ്ടത്.
ഞാന്‍ റൊമെയ്ന്‍ റോളണ്ടിനെ ഓര്‍ക്കുകയാണ്. ഗാന്ധിജിയുമായും മാക്‌സിം ഗോര്‍ക്കിയുമായും അടുപ്പമുണ്ടായിരുന്ന എഴുത്തുകാരന്‍. ഗാന്ധിസവും മാര്‍ക്‌സിസവും സമന്വയിപ്പിക്കാന്‍ റോളണ്ട് ശ്രമിച്ചിരുന്നു. അത്രയും വലിയ പരീക്ഷണങ്ങളൊന്നുമില്ലെങ്കിലും ഇടതുപക്ഷവും കോണ്‍ഗ്രസും ഈ ഘട്ടത്തില്‍ കൈകോര്‍ക്കേണ്ടതായുണ്ട്്. ഇന്ത്യയെ ഒരു മതത്തിനും നമ്മള്‍ വിട്ടുകൊടുക്കരുത്.