ലഖ്‌നൗ: ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന് രക്തം കൊണ്ട് എഴുതിയ കത്ത്. ഉത്തര്‍പ്രദേശിലെ അമേഠി സ്വദേശിയായ മനോജ് കശ്യപാണ് രക്തം കൊണ്ട് കത്തെഴുതിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ച് മോദി നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്നും മനോജ് കത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് കത്ത് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
വോട്ട് ചെയ്യാനുള്ള പ്രായം പതിനെട്ടു വയസ്സായി കുറച്ചത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയതും രാജ്യത്ത് കമ്പ്യൂട്ടര്‍ വിപ്ലവം കൊണ്ടുവന്നതും രാജീവാണ്- മനോജ് കത്തില്‍ പറയുന്നു. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഒരു ലേഖനത്തില്‍ രാജീവ് ഗാന്ധിയെ പ്രശംസിച്ചിട്ടുണ്ടെന്നും മനോജ് ചൂണ്ടിക്കാണിക്കുന്നു. തന്റെ കത്തിന് രാഷ്ട്രീയമാനങ്ങളില്ലെന്നും രാജീവുമായി വൈകാരികമായി അടുപ്പമുള്ളതിനാലാണെന്നും മനോജ് വ്യക്തമാക്കുന്നുണ്ട്.
അമേഠിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം രാജീവ് ഗാന്ധിയെ അപമാനിക്കുന്നവര്‍ അദ്ദേഹത്തെ വധിച്ചവര്‍ക്ക് സമാനമാണെന്നും മനോജ് കത്തില്‍ പറയുന്നു. ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്ന മോദിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു മോദിയുടെ പരാമര്‍ശം. മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
content highlights: youth writes letter to election commission in blood against modi's remark against rajiv gandhi