ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വാഹനവ്യൂഹം പാര്‍ലമെന്റിന് സമീപത്തെ അതിസുരക്ഷാ മേഖലയില്‍വച്ച് തടയാന്‍ ശ്രമം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
35 വയസുള്ള യുവാവാണ് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസികാസ്വാസ്ഥമുള്ള യുവാവാണ് ഇതെന്ന് സംശയിക്കുന്നു. ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ സ്വദേശി വിശംഭര്‍ ദാസ് ഗുപ്തയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.
ആധാര്‍ കാര്‍ഡിലെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന ആവശ്യവും യുവാവ് ഉന്നയിച്ചു. എന്നാല്‍, സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Content highlights: Youth held for blocking Foreign Minister Rajnath Singh's motorcade