ലക്‌നൗ: തമിഴ്‌നാട്ടില്‍ ജയലളിത തുടക്കമിട്ട അമ്മ ഹോട്ടലുകളുടെ മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്ന പ്രഭു കീ റസോയി ഹോട്ടലുകളുമായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുന്ന ഇത്തരം ഭക്ഷണശാലകളിലൂടെ പാവപ്പെട്ടവര്‍ക്ക് സൗജന്യഭക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആഗസ്റ്റ് ഒന്‍പതിന് സഹന്‍പുറില്‍ സംസ്ഥാനത്തെ ആദ്യത്തെ പ്രഭു കീ റസോയി ഭക്ഷണശാല പ്രവര്‍ത്തനമാരംഭിക്കും. ദിവസവും മുന്നൂറ് പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയ്യാറാക്കും. ഒരു ദിവസത്തെ മുഴുവന്‍ ഭക്ഷണവും 13 രൂപയ്ക്ക് ലഭ്യമാക്കുന്ന ''അന്നപൂര്‍ണ ഭോജനാലയ'' ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 200 അന്നപൂര്‍ണ ഭോജനാലയങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന യോഗി സര്‍ക്കാര്‍ ജനപ്രീതിയാര്‍ജിക്കാനായി വിവിധ തരം പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്.
തിങ്കളാഴ്ച്ച മൂന്ന് ദിവസത്തെ ഉത്തര്‍പ്രദേശ് സന്ദര്‍ശനം കഴിഞ്ഞ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയതിന് പിന്നാലെ യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ അമിത് ഷാ യോഗിയെ അതൃപ്തി അറിയിച്ചതാണ് അടിയന്തരമായി യോഗം വിളിച്ചു കൂട്ടുവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉന്നതഉദ്യോഗസ്ഥരും നേതാക്കളും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ക്രമസമാധാനപ്രശ്‌നങ്ങളില്‍ കേസെടുക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് ആദിത്യനാഥ് പ്രിന്‍സിപ്പള്‍ ഹോം സെക്രട്ടറി അരവിന്ദ് കുമാര്‍, ഡിജിപി സുല്‍ഖാന്‍ സിംഗ് എന്നിവരോട് നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ അടിസ്ഥാന വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ജലസേചനം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമിത്ഷാ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യോഗിയോട് നിര്‍ദേശിച്ചതെന്ന് ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ഒരു മന്ത്രിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രമസമാധാന നിലയെക്കുറിച്ചാണ് അമിത് ഷാ പ്രധാനമായും ആശങ്കയറിയിച്ചതെന്നാണ് സൂചന.
ഭരണം മെച്ചപ്പെടുത്താന്‍ എല്ലാ മന്ത്രിമാരും സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരേയും, എംഎല്‍എമാരേയും, എംപിമാരേയും നിരന്തരം കണ്ട് സമ്പര്‍ക്കം പുലര്‍ത്തണമെന്ന് യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ആദ്യവിദേശ സന്ദര്‍ശനത്തിനൊരുങ്ങിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. ബുധനാഴ്ച്ച മ്യാന്‍മാറിലേക്കാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ആദ്യയാത്ര. രണ്ട് ദിവസം അവിടെ തങ്ങുന്ന അദ്ദേഹം ആഗസ്റ്റ് ഏഴിന് ലക്‌നൗവില്‍ തിരിച്ചെത്തും.
വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ മ്്യാന്‍മാര്‍ ഘടകം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമാധാന-പരിസ്ഥിതി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് മ്യാന്‍മാറിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം മ്യാന്‍മാറിലെ ഉന്നതനേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ബിജെപിയുടെ ബാക്ക് ടീം എന്ന വിശേഷിപ്പിക്കുന്ന സംഘടനയാണ് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ അടക്കം ഈ സര്‍ക്കാരിലെ പല നിര്‍ണായക വ്യക്തികളും ഈ സംഘടനയുടെ തലപ്പത്തുണ്ടായിരുന്നവരാണ്.