കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ യോഗി ആദിത്യനാഥ്. അഴിമതി നടത്തിയ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ അവര്‍ സംരക്ഷിക്കുകയാണ്. കോടതി വരെ ഉദ്യോഗസ്ഥനോട് സി.ബി.ഐ.ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇതിനോടെല്ലാം സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മമത എന്തിനാണ് ധര്‍ണ നടത്തുന്നതെന്നും അഴിമതിയില്‍ മുങ്ങിയ ഭരണത്തില്‍നിന്ന് ബംഗാളിന് മോചനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ പുരുലിയയില്‍ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് മമതാ ബാനര്‍ജിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്.
യോഗിയുടെ ഹെലികോപ്റ്ററിന് പുരുലിയയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡിലെ ബൊക്കാറോയിലാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറക്കിയത്. തുടര്‍ന്ന് റോഡ് മാര്‍ഗം 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് യോഗി ആദിത്യനാഥ് സമ്മേളനവേദിയിലെത്തിയത്.
കേന്ദ്ര സര്‍ക്കാരിനെതിരേ മമത ബാനര്‍ജി തുറന്നപോര് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു യോഗിയുടെ ബംഗാള്‍ സന്ദര്‍ശനം. എന്നാല്‍ ഫെബ്രുവരി മൂന്നിന് നിശ്ചയിച്ചിരുന്ന രണ്ട് റാലികളിലും യോഗി ആദിത്യനാഥിന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് റായ്ഗഞ്ചിലെ റാലിയില്‍ ടെലിഫോണിലൂടെയാണ് യോഗി ആദിത്യനാഥ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ഇതിനുപിന്നാലെയാണ് പുരുലിയയിലും ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ബൊക്കാറോയില്‍നിന്ന് റോഡ്മാര്‍ഗം ബംഗാളിലെത്തിയത്.
Content Highlights: yogi aditya nath speech in bjp rally purulia
Share this Article
Related Topics