ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തുന്ന അനിശ്ചതകാല സമരത്തെ പരിഹസിച്ച് സിപിഐഎം നേതാവ് സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയുടെ നിരാഹാരം ഒരു തമാശയാണെന്നും കപടനാട്യമാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു.
അങ്ങേയറ്റത്തെ കാപട്യമാണ് ശിവരാജ് സിങ് ചൗഹാന്‍ കാട്ടുന്നത്. ഒരുവശത്ത് പാവപ്പെട്ട കര്‍ഷകരെ വെടിവെച്ചുകൊല്ലാന്‍ പോലീസിനെ കെട്ടഴിച്ചുവിടുന്നു, മറുവശത്ത് നിരാഹാരം എന്നൊരു തമാശയും അരങ്ങേറുന്നു- യെച്ചൂരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ബോണസ് മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയതും ഉല്‍പന്നങ്ങളുടെ വില തീരെ ഇടിഞ്ഞതും കര്‍ഷകര്‍ക്ക് നഷ്ടം വരുത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനു നേരെ പോലീസ് വെടിവെപ്പ് നടത്തിയിരുന്നു. വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സംസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭം രൂക്ഷമായി. ഈ സാഹചര്യത്തിലാണ് സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭോപ്പാലിലെ ദസ്സറ മൈതാനത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.
Share this Article
Related Topics