ന്യൂഡല്‍ഹി: വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന് (ജെ.കെ.എല്‍.എഫ്) കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് നിരോധനമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ജമ്മു കശ്മീരില്‍ നടത്തുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സുരക്ഷാ വിഷയങ്ങള്‍ സംബന്ധിച്ച മന്ത്രിതല സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ അറസ്റ്റിലായ യാസിന്‍ മാലിക്ക് കശ്മീരിലെ ജയിലില്‍ കഴിയുകയാണ്. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ വിഘടന വാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. 150 ഓളം വിഘടനവാദികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജെ.കെ.എല്‍.എഫ് അടക്കമുള്ള സംഘടനകള്‍ക്ക് പാകിസ്താനില്‍നിന്ന് സഹായം ലഭിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 37 കേസുകളാണ് സംഘടനയ്‌ക്കെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം നടത്തുന്നുണ്ട്.
1988 മുതല്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയ്‌ക്കെതിരെ വ്യോമസേനാ ഓഫീസര്‍മാരെ കൊലപ്പെടുത്തിയതെന്നത് അടക്കമുള്ള ആരോപണങ്ങളാണുള്ളത്. ഒരു മാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ സംഘടനയാണ് ജെ.കെ.എല്‍.എഫ്. ജമാഅത്തെ ഇസ്‌ലാമി ജമ്മു കശ്മീരിനും കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
Content Highlights: Yasin Malik, JKLF, Jammu and Kashmir