ഭോപ്പാല്‍: ഹോസ്റ്റലിലെ ശുചിമുറിയുടെ വരാന്തയില്‍ സാനിറ്ററി നാപ്കിന്‍ കണ്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തിയ സംഭവം വിവാദമാവുന്നു. മധ്യപ്രദേശിലെ ഡോ.എച്ച്.എസ്.ഗൗര്‍ കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥികളാണ് ഇതു സംബന്ധിച്ച പരാതിയുമായി വൈസ് ചാന്‍സലറെ സമീപിച്ചിരിക്കുന്നത്.
ശുചിമുറിയിലേക്ക് നീളുന്ന വരാന്തയില്‍ ഉപയോഗിച്ചുപേക്ഷിച്ച നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ഥിനികളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, വാര്‍ഡനോട് അന്വേഷിച്ചപ്പോള്‍ അവര്‍ ആരോപണങ്ങള്‍ നിഷേധിച്ചെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗസമിതിയെ വൈസ് ചാന്‍സലര്‍ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ വാര്‍ഡനെതിരെ നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
അമ്പതിലധികം വിദ്യാര്‍ഥിനികള്‍ ഒപ്പിട്ട നിവേദനമാണ് വൈസ് ചാന്‍സലര്‍ക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് വിദ്യാര്‍ഥിനികള്‍ പരാതി സമര്‍പ്പിച്ചത്. വിദ്യാര്‍ഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹോസ്റ്റല്‍ അധികൃതര്‍.
content highlights: Women students ‘body searched’ after sanitary napkin found in MP university hostel
Share this Article
Related Topics