കര്‍ണാല്‍: തീവ്രവാദത്തിനെതിരെ പോരാടണമെന്ന് പാകിസ്താന്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കില്‍ അതിനായി ഇന്ത്യന്‍ സൈന്യത്തെ പാകിസ്താനിലേയ്ക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഹരിയാണയിലെ കര്‍ണാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
ഇമ്രാന്‍ ഖാനുമുന്നില്‍ ഒരു നിര്‍ദേശം വയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. തീവ്രവാദത്തിനെതിരെ പോരാടുന്നതിനെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ വേണ്ട സഹായം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം ആവശ്യമാണെങ്കില്‍ അതും നല്‍കും, രാജ്‌നാഥ് സിങ് പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ നിലപാടിനെയും രാജ്‌നാഥ് സിങ് രൂക്ഷമായി വിമര്‍ശിച്ചു. കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം ഉന്നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. എന്നാല്‍ കശ്മീരിനെക്കുറിച്ച് മറക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്. എവിടെവേണമെങ്കിലും കശ്മീര്‍ വിഷയം ഉന്നയിച്ചോളൂ, ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആര്‍ക്കും ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കില്ല, രാജ്‌നാഥ് സിങ് പറഞ്ഞു.
പാകിസ്താനോട് വിനയപൂര്‍വം ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ നിങ്ങളുടെ ചിന്താരീതി മാറ്റിയേ മതിയാകൂ. ഇല്ലെങ്കില്‍ നിങ്ങളുടെ രാജ്യം പലതായി വിഭജിക്കപ്പെടുന്നത് നിങ്ങള്‍ക്ക് കാണേണ്ടിവരും. നിങ്ങള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച് തീവ്രവാദം ഇല്ലായ്മചെയ്യുകയും സാഹോദര്യം നിലനിര്‍ത്തുകയും ചെയ്യണം - രാജ്‌നാഥ് സിങ് പാകിസ്താന് മുന്നറിയിപ്പ് നല്‍കി.
Content Highlights: Will send our army if you need help in fighting terror in Pak: Rajnath Singh