ന്യൂഡല്‍ഹി: ബിജെപിയിലും ദേശീയ രാഷ്ട്രീയത്തിലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള പ്രധാന്യവും സ്വീകാര്യതയും സ്വന്തം പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ പ്രധാനമന്ത്രി സ്ഥാനമടക്കമുള്ള സ്വന്തം ആഗ്രഹങ്ങളെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്നും വളരെ തന്ത്രപരമായി ഒഴിഞ്ഞു മാറി യോഗി. ഡല്‍ഹിയില്‍ ആജ് തക് ടിവി ചാനല്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.
പ്രധാനമന്ത്രി പദവിയെ സംബന്ധിച്ച ആഗ്രഹങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ഭഗവത് ഗീതയില്‍ നിന്നുള്ള വരികള്‍ ഉരുവിട്ടു കൊണ്ട് യോഗി മറുപടി പറഞ്ഞത്. തനിക്ക് വലിയ ആഗ്രഹങ്ങളൊന്നും ഇല്ല, എന്നാല്‍ ജീവിതത്തിലെ ദുരിതമനുഭവിക്കുന്ന സകല ജീവികളുടെയും കഷ്ടത ഇല്ലാതാക്കുവാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് യോഗി പറഞ്ഞു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്റ് പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞ ഗീതാ പരാമര്‍ശങ്ങള്‍ തന്നെയാണ് യോഗി ആദിത്യനാഥും ആവര്‍ത്തിച്ചത്. 2015ല്‍ ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചും ഇന്ത്യ മുന്‍നിര്‍ത്തുന്ന ആശയങ്ങളെ കുറിച്ചുമുള്ള പാര്‍ലമെന്റ് പ്രസംഗത്തിനിടെയാണ് മോദി ഭഗവത് ഗീതയില്‍ നിന്നുള്ള ഈരടികള്‍ പരാമര്‍ശിച്ചത്. 'ഒരു പുനര്‍ജന്മത്തില്‍ നിന്നു പോലും ഒരു രാജ്യമോ സ്വര്‍ഗീയ ആനന്ദമോ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജീവിതത്തിലെ ദുരിതമനുഭവിക്കുന്ന സകല ജീവികളുടെയും കഷ്ടത ഇല്ലാതാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
Share this Article
Related Topics