പട്ന: ലോക് ജനശക്തി പ്രസിഡന്റ് രാംവിലാസ് പാസ്വാനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മകള്‍ ആശാ പാസ്വാന്‍. ആര്‍ജെഡി സീറ്റ് നല്‍കിയാല്‍ പാസ്വാന്റെ മണ്ഡലമായ ഹാജിപുര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
രാംവിലാസ് പാസ്വാന്‍ മകനെ മാത്രമാണ് രാഷ്ട്രീയത്തില്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും തന്നെ അവഗണിക്കുകയാണെന്നും ആശ പാസ്വാന്‍ ആരോപിച്ചു. മകൻ ചിരാഗ് പാസ്വാനെ എംപിയാക്കിയ പാസ്വാന്‍ പെണ്‍മക്കളോട് വിവേചനം കാണിക്കുന്നെന്നും അവര്‍ പറഞ്ഞു. എല്‍ജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചിരാഗിനെ തിരഞ്ഞെടുത്തപ്പോഴും തന്നെ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് പാസ്വാനെതിരെ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
രാംവിലാസ് പാസ്വാന്റെ ആദ്യ ഭാര്യയിലുള്ള രണ്ടു പെണ്‍മക്കളില്‍ ഒരാളാണ് ആശ പാസ്വാന്‍. രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ് ചിരാഗ് പാസ്വാന്‍. എല്‍ജെപിയുടെ ദളിത് വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന അനില്‍ സാധു ആണ് ആശയുടെ ഭര്‍ത്താവ്. ഇദ്ദേഹം പിന്നീട് എല്‍ജെപി വിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നു. താനോ ഭാര്യയോ പാസ്വാനെതിരെ മത്സരിക്കുമെന്ന് അനില്‍ സാധു നേരത്തെ പറഞ്ഞിരുന്നു.
സ്വന്തക്കാര്‍ക്കു മാത്രം പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതായുള്ള ആരോപണം നേരത്തെ തന്നെ പാസ്വാനെതിരെ ഉയര്‍ന്നിരുന്നു. പാസ്വാന്റെ അനുജന്‍ പശുപതി കുമാര്‍ പരാസ് ആണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. മറ്റൊരു സഹോദരന്‍ രാം ചന്ദ്ര പാസ്വാന്‍ എംപിയാണ്. സഹോദരീ പുത്രന്‍ പ്രിന്‍സ് രാജ് എല്‍ജെപിയുടെ വിദ്യാര്‍ഥി വിഭാഗം അധ്യക്ഷനുമാണ്.
Content Highlights: contest election against Paswan Lok Sabha polls, Ram Vilas Paswan, LJP