ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുന്നത് ഉള്‍പ്പെടെയുള്ള ഉചിതമായ നിയമ നടപടികള്‍ പിന്തുടരുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.
ദ സണ്‍ഡേ എക്‌സ്പ്രസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ടി ശേഖരിക്കുന്ന ചില വിവരങ്ങള്‍ ദേശീയ പൗരത്വ പട്ടികയ്ക്കു വേണ്ടി ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും സാധ്യതയുണ്ടെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി(യു) ഭരിക്കുന്ന ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
"ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന് നടപ്പാക്കുമെന്ന ചോദ്യത്തിന്, ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഒരു നിയമ നടപടിക്രമം ഉണ്ടാവും. ആദ്യം ഒരു തീരുമാനം. രണ്ടാമത് വിജ്ഞാപനം. മൂന്നാമത് നടപടിക്രമങ്ങള്‍, പരിശോധിക്കല്‍, എതിര്‍പ്പുകള്‍, എതിര്‍പ്പുകള്‍ കേള്‍ക്കല്‍, അപ്പീലിനുള്ള അവകാശം. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുകയും പ്രതികരണം സ്വീകരിക്കുകയും ചെയ്യും. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍, അത് പരസ്യമായി ആയിരിക്കും. എന്‍.ആര്‍.സിയില്‍ ഒന്നും രഹസ്യമായിരിക്കില്ല"- അദ്ദേഹം വ്യക്തമാക്കി.
content highlights: will consult with states before nrc says union law minister ravishankar prasad
Share this Article
Related Topics