ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യ സൗഹൃദപൂര്‍വം പെരുമാറാന്‍ തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ഇന്ത്യന്‍ പട്ടാളം അവരോട് 'നീരജ് ചോപ്രയെ പോലെ' പെരുമാറുമെന്ന് റാവത്ത് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ താരമാണ് നീരജ് ചോപ്ര. അതേ ഇനത്തില്‍ വെങ്കലം നേടിയ പാകിസ്താന്‍ താരത്തിന്, മെഡല്‍ സ്വീകരിക്കാനായി വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന സമയത്ത് നീരജ് ഹസ്തദാനം ചെയ്തിരുന്നു. നീരജിന്റെ ഈ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അര്‍ഷാദ് നദീമായിരുന്നു പാകിസ്താനു വേണ്ടി വെങ്കലം നേടിയത്.
നീരജിന്റെ ആ ഹസ്തദാനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു റാവത്തിന്റെ മറുപടി. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അഭിനന്ദിക്കാനായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു റാവത്ത്.
കശ്മീരിലെ സ്ഥിതിഗതികള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ലും 2018ലും മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഏതെങ്കിലും വിധത്തിലുള്ള സ്‌പോര്‍ട്‌സ്മാന്‍ഷിപ് പ്രകടിപ്പിക്കുമോ എന്ന ചോദ്യത്തിന്, ആദ്യ നീക്കം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകട്ടെയെന്നും അവര്‍ ഭീകരവാദം അവസാനിപ്പിച്ചേ മതിയാകൂ എന്നുമായിരുന്നു റാവത്തിന്റെ മറുപടി. അവര്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ നമ്മള്‍ നീരജ് ചോപ്രയെ പോലെ പെരുമാറും- റാവത്ത് പറഞ്ഞു.
content highlights: Will act like Neeraj chopra if pakistan ends cross border terrorism says army chief Bipin Rawat