കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി എയിംസ്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ഒരു ദിവസത്തേക്ക് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍ ആര്‍ എസില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതും തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോടിന് പൊട്ടലേറ്റിട്ടുണ്ട്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
മതിയായ സുരക്ഷ ഉറപ്പുവരുത്താതെ തിരികെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇത് അവര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറിയിച്ചിട്ടുമുണ്ട്. അതേസമയം സമരത്തിനു പിന്നില്‍ ബി ജെ പിയും സി പി എമ്മും ആണെന്നും അവര്‍ ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമത ആരോപിച്ചു. മമതയുടെ അനന്തരവനും കൊല്‍ക്കത്തയിലെ കെ പി സി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയുമായ അബേഷ് ബാനര്‍ജിയും ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ മുഴുവന്‍ ഡോക്ടര്‍ സംഘടനകളോടും സമരത്തില്‍ പങ്കുചേരാന്‍ എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ലെന്ന് എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡി കെ ശര്‍മ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും കറുത്ത ബാഡ്ജ് ധരിക്കാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രാ അസോസിയേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് സംസ്ഥാനത്ത് ഇന്ന് ഒരുദിവസത്തെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒ പി, വാര്‍ഡ് സേവനങ്ങള്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചു വരെ നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടിയന്തര സേവനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഹൈദരാബാദില്‍ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും പ്രതിഷേധം നടത്തി.
content highlights: west bengal doctors protest in connection with attack against doctor