ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംരംഭകരും ആശങ്കപ്പെടാതെ മുന്നോട്ടു പോകണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരമന്‍. ചെറുകിട - വന്‍കിട സംരംഭകര്‍ക്ക് ആശങ്കവേണ്ട. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് കൈമാറാനുള്ള തീരുമാനം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ആര്‍ബിഐയെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിച്ചെന്ന വിമര്‍ശം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ധനമന്ത്രി പരിഹസിക്കുകയും ചെയ്തു.
രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. രാഹുല്‍ നേരത്തെയും കള്ളന്‍, കള്ളി എന്നൊക്കെ പറഞ്ഞ് നടന്നിരുന്നു. പൊതുജനം അതിന് തക്കതായ മറുപടിയാണ് നല്‍കിയത്. വീണ്ടും അതേ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ അര്‍ത്ഥം എന്താണെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ബിമല്‍ ജലാന്‍ സമിതിയില്‍ പ്രഗത്ഭ സാമ്പത്തിക വിദഗ്ധരാണ് ഉണ്ടായിരുന്നത്. സര്‍ക്കാരല്ല ഈ സമിതിയെ നിയോഗിച്ചത്. ആര്‍ബിഐ തന്നെയാണ്. നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കരുതല്‍ ധനശേഖര വിനിയോഗത്തിന് ഇതിന് മുമ്പും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയെക്കുറിച്ച് ഉയരുന്ന പ്രസ്താവനകള്‍ വിചിത്രമായി തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.
Content Highluights: We want entrepreneurs to carry on with their business without a worry-FM Nirmala Sitharaman