ചെന്നൈ: ടിടിവി ദിനകരന്‍ പക്ഷത്തുള്ള 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധിപറയും. വിധിക്കു മുന്നോടിയായി ദിനകര പക്ഷത്തുള്ള 20 എംല്‍എമാരെ കുറ്റാലത്തെ ഒരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങിയിരിക്കുകയാണ്.
വിപ്പ് ലംഘിച്ചെന്ന പരാതിയിലാണ് സ്പീക്കര്‍ എംഎല്‍എമാരെ അയോഗ്യരാക്കിയത്. ഹര്‍ജി വിവിധ ബെഞ്ചുകള്‍ പരിഗണിക്കുകയും കഴിഞ്ഞ ജൂണില്‍ രണ്ടു ജഡിജിമാര്‍ വ്യത്യസ്ത വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു ജഡ്ജികൂടി കേസ് പരിഗണിക്കുകയായിരുന്നു.
വിധി എം.എല്‍.എ.മാര്‍ക്ക് അനുകൂലമായാല്‍ ഭരണപക്ഷം നിയമസഭയില്‍ ന്യൂനപക്ഷമാകും. അയോഗ്യരാക്കപ്പെട്ടവരും നടന്‍ കരണാസ് ഉള്‍പ്പെടെ മറ്റു നാല് എം.എല്‍.എ.മാരും ദിനകരനൊപ്പമുണ്ട്. എം.എല്‍.എ.മാരായ തമീമുന്‍ അന്‍സാരി, യു. തനിയരശ് എന്നിവര്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ദിനകരനൊപ്പമാണെന്നാണ് സൂചന. ആര്‍.കെ. നഗറില്‍നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി ജയിച്ച ടി.ടി.വി. ദിനകരനും കൂടിച്ചേരുമ്പോള്‍ വിമതരുടെ അംഗസഖ്യ 25 ആയി ഉയരും. ഇതോടെ ഭരണപക്ഷത്തിന്റെ അംഗബലം 110 ആയി കുറയും.
ഡി.എം.കെ- 88, കോണ്‍ഗ്രസ്-എട്ട്, മുസ്ലിം ലീഗ്-ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷിനില. കരുണാനിധി, എ.കെ. ബോസ് എന്നിവരുടെ മരണത്തെത്തുടര്‍ന്ന് രണ്ടു മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വിധി എംഎല്‍എമാര്‍ക്ക് എതിരായി വന്നാലും രണ്ട് എല്‍എല്‍എമാര്‍ മരണപ്പെട്ടത് ഉള്‍പ്പെടെ 20 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വരാനുണ്ട്. വിധി പ്രതികൂലമായാല്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇരു വിഭാഗങ്ങളും.
കോടതിവിധി അനുകൂലമാകുന്നതിനായി പുണ്യസ്‌നാനവും പൂജകളുമായാണ് എംഎല്‍എമാര്‍ കുറ്റാലത്തെ റിസോര്‍ട്ടില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ താമ്രഭരണി പുഷ്‌കരം ചടങ്ങിന്റെ ഭാഗമായി പുണ്യസ്‌നാനം നടത്തുകയും പ്രത്യേക പൂജകളില്‍ പങ്കെടുക്കുകയും ചെയ്തു. മുന്‍മന്ത്രിയും ദിനകരന്‍പക്ഷത്തെ നേതാവുമായ ഇസക്കി സുബ്ബയ്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഒരു വര്‍ഷംമുമ്പ് സ്പീക്കര്‍ അയോഗ്യരാക്കിയ 18 എം.എല്‍.എ.മാരില്‍ പി. വെട്രിവേല്‍ ഒഴികെയുള്ളവരും ഈയടുത്ത് ദിനകരന്‍പക്ഷത്തേക്ക് കൂറുമാറിയ മൂന്ന് എം.എല്‍.എ.മാരുമാണ് കുറ്റാലത്തുള്ള ഇസക്കി ഹൈവ്യൂ റിസോര്‍ട്ടില്‍ കഴിയുന്നത്. ദിനകരന്റെ അടുത്ത അനുയായിയായ വെട്രിവേല്‍ ചെന്നൈയില്‍ത്തന്നെയുണ്ട്.
കോടതി വിധി പ്രസ്താവിക്കുന്നതുവരെ റിസോര്‍ട്ടില്‍ കഴിയാന്‍ ദിനകരന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. എവിടെ തടഞ്ഞുെവച്ചാലും പുഴ കടലില്‍ ചേരുന്നതുപോലെ തുറന്നുവിടുമ്പോള്‍ ഈ എം.എല്‍.എ.മാര്‍ എ.ഐ.എ.ഡി.എം.കെ.യില്‍ തിരിച്ചെത്തുമെന്ന് ഫിഷറീസ് മന്ത്രി ജയകുമാര്‍ പ്രതികരിച്ചു.
Content Highlights: Verdict on Disqualification of AIADMK MLAs, Madras High Court, TTV Dinakaran