ന്യൂഡല്‍ഹി: യു.പിയില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് ചര്‍ച്ചധാരണയിലെത്തി. എസ്.പി-കോണ്‍ഗ്രസ് സഖ്യം മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
സീറ്റ് ധാരണ അനുസരിച്ച് കോണ്‍ഗ്രസ് 105 സീറ്റില്‍ മത്സരിക്കും. സീറ്റ് ധാരണ അനുസരിച്ച് ശേഷിക്കുന്ന 298 സീറ്റുകളിലും എസ്.പി മത്സരിക്കും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് പ്രതിസന്ധിയിലായ സഖ്യചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍വച്ചതും ധാരണയിലെത്തിയതും. മുഖ്യമന്ത്രി അഖിലേഷുമായി ടെലിഫോണില്‍ സംസാരിച്ച സോണിയ സീറ്റ് ചര്‍ച്ചകള്‍ക്കായി അഹമ്മദ് പട്ടേലിനെ നിയോഗിക്കുകയായിരുന്നു.
110 സീറ്റ് വേണമെന്ന നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് അയഞ്ഞപ്പോള്‍ 99 ല്‍ കൂടുതല്‍ നല്‍കില്ല എന്ന നിലപാട് മാറ്റാന്‍ എസ്.പി നേതൃത്വവും തയാറായതോടെയാണ് സഖ്യം യാഥാര്‍ഥ്യമായത്. കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ ശനിയാഴ്ച ലക്‌നൗവിലെത്തി അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന്റെ ചില സിറ്റിങ് സീറ്റുകളില്‍ എസ്.പി ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് സഖ്യം തകര്‍ച്ചയുടെ വക്കിലെത്തിയത്. തുടര്‍ന്നാണ് രണ്ടാം നിരനേതാക്കള്‍ക്ക് പകരം സോണിയ നേരിട്ട് ചര്‍ച്ചകള്‍ക്ക് അഹമ്മദ് പട്ടേലിനെ നിയോഗിക്കുകയും സഖ്യം യാഥാര്‍ഥ്യമായതും. ധാരണ അനുസരിച്ച് പ്രഖ്യാപിച്ച ചില സ്ഥാനാര്‍ഥികളെ മാറ്റി അവ കോണ്‍ഗ്രസിന് നല്‍കാന്‍ എസ്.പി തയാറാകുമെന്നാണ് റിപ്പോര്‍ട്ട്
403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 11 നാണ് തുടങ്ങുന്നത്.
Share this Article
Related Topics