ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ലോക്‌സഭയില്‍ കേരള-തമിഴ്‌നാട് എം.പിമാര്‍ തമ്മില്‍ വാക്പോര്. ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിന്റെ ചോദ്യവുമായി ബന്ധപ്പെട്ടാണ് സഭയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്. നിലവിലെ അണക്കെട്ടിന്റെ സുരക്ഷിതത്വം വലിയ പ്രശ്‌നമാണെന്ന ചോദ്യമാണ് ഡീന്‍ ഉയര്‍ത്തിയത്.
എന്നാല്‍ അണക്കെട്ടിന് ഇപ്പോള്‍ ബലക്ഷയം ഒന്നുമില്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് മറുപടി നല്‍കി. ഡാം വളരെ സുരക്ഷിതമാണെന്നാണ് വിവിധ കമ്മീഷനുകളും കോടതിയും കണ്ടെത്തിയിരിക്കുന്നത്. ഡാം ശക്തിപ്പെടുത്താനുള്ള നടപടികള്‍ കാലാകാലങ്ങളില്‍ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ ഡാം എന്നൊരു നിര്‍ദേശം ജലവിഭവ മന്ത്രാലയത്തിനു മുന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരള സര്‍ക്കാരിന്റെ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയം ചില ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കിയിട്ടുണ്ട്. ഇവ പരിശോധിച്ച് പരിസ്ഥിതി മന്ത്രാലയം ചില നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. പുതിയ ഡാം എന്ന നിര്‍ദേശം നടപ്പിലാകണമെങ്കില്‍ കേരളവും തമിഴ്‌നാടും ഒരുമിച്ചു നിന്നേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇതേച്ചൊല്ലിയാണ് കേരള-തമിഴ്‌നാട് എം.പിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
നിലവിലെ ഡാം സുരക്ഷിതമെന്ന് മന്ത്രി പറയുന്ന സാഹചര്യത്തില്‍ പുതിയ ഡാമിന്റെ ആവശ്യമുണ്ടോ എന്ന കാര്യം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കേണ്ട ആവശ്യമെന്തെന്നും ഡി.എം.കെയുടെ എം.പി രാജ ചോദിച്ചു.
content highloghts: uproar between kerala-tamilnadu mp's in connection with mullapperiyar dam issue in loksabha