ലഖ്‌നൗ: ബിഹാര്‍ മോഡലില്‍ ആസന്നമായ യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും വിശാല സഖ്യത്തിന് സാധ്യത തെളിയുന്നു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചെറുകക്ഷികളും അടങ്ങുന്നതായിരിക്കും ഈ സഖ്യം. അജിത് സിങ്ങിന്റെ രാഷ് ട്രീയ ലോക്ദള്‍, ജെ.ഡി.യു, അപ്‌നദളിലെ കൃഷ്ണ പട്ടേല്‍ ഗ്രൂപ്പ്, തൃണമൂല്‍ എന്നീ പാര്‍ട്ടികളാകും സഖ്യത്തിലുണ്ടാകുക.
അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ 12 വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുമിനിമം പരിപാടിയെ അടിസ്ഥാനമാക്കിയാകും സഖ്യം മത്സരിക്കുക.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദാണ് എസ്.പി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിവരുന്നത്.
എസ്.പി-കോണ്‍ഗ്രസ് വിശാല സഖ്യം എന്ന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ നവംബറിലാണ് മുഖ്യമന്ത്രി അഖിലേഷിനെ കണ്ടത്. പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ മുലായത്തേയും അദ്ദേഹം രണ്ടുവട്ടം കണ്ട് ചര്‍ച്ചനടത്തിയിരുന്നു. സീറ്റുകളുടെ എണ്ണത്തെ ചൊല്ലി പിന്നീട് മുലായം അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. തങ്ങളുടെ പാര്‍ട്ടിയുടെ ചിലവില്‍ മറ്റ് കക്ഷികള്‍ യു.പിയില്‍ വേരോട്ടമുണ്ടാക്കേണ്ടതില്ല എന്നതായിരുന്നു മുലായത്തിന്റെ നിലപാട്. എന്നാല്‍ കുടുംബപോര് മൂര്‍ഛിക്കുകയും അഖിലേഷും മുലായവും രണ്ട് ചേരിയായി മാറിയതോടെയാണ് സഖ്യസാധ്യത ഉരുത്തുരിഞ്ഞത്.
അടുത്ത ആഴ്ച സഖ്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. സഖ്യചര്‍ച്ചകള്‍ക്കായി അഖിലേഷ് ഈ ആഴ്ച തന്നെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 404 സീറ്റില്‍ 100 സീറ്റാണ് കോണ്‍ഗ്രസ് ചോദിക്കുന്നതെങ്കിലും 90 സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. രാഷ് ട്രീയ ലോക്ദളിന് 20 മുതല്‍ 22 സീറ്റ് വരെ നല്‍കിയേക്കും. നിലവിലെ സഭയില്‍ തൃണമൂലിന് ഒരംഗമുണ്ട്. തൃണമൂലിന് സഖ്യത്തില്‍ ചേരുന്നപക്ഷം മഥുരയിലും വാരാണസിയിലും ഓരോ സീറ്റ് നല്‍കിയേക്കും. കിഴക്കന്‍ യു.പിയിലായിരിക്കും ജെ.ഡി.യുവിനും അപ്‌നദളിനും സീറ്റുകള്‍ നല്‍കുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
സൈക്കിള്‍ ചിഹ്നത്തിനായി മുലായവും അഖിലേഷും അവകാശമുന്നയിച്ചതോടെ ഈ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിക്കാനാണ് സാധ്യത. സൈക്കിള്‍ നല്‍കിയില്ലെങ്കിലും പകരം മോട്ടോര്‍സൈക്കിളാണ് അഖിലേഷ് പക്ഷം ആവശ്യപ്പെടുന്നത്. മരമോ, നിലം ഉഴുന്ന കര്‍ഷകനുമാണ് മുലായം ചിഹ്നമായി ആവശ്യപ്പെടുന്നത്.