ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കേശവപ്രസാദ് മൗര്യ. പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെ ബി.ജെ.പി. രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യു.പി. ഉപമുഖ്യമന്ത്രിയുടെ വിവാദ വീഡിയോ പുറത്തുവന്നത്.
ഫെബ്രുവരി 21-ന് നടന്ന ഒരു വാര്‍ത്താസമ്മേളനത്തിലാണ് കേശവപ്രസാദ് മൗര്യ പുല്‍വാമ ആക്രമണത്തെ വെറും അപകടമായി വിശേഷിപ്പിച്ചത്. പുല്‍വാമയില്‍ നടന്നത് സി.ആര്‍.പി.എഫ്. ജവാന്മാര്‍ ഉള്‍പ്പെട്ട വലിയ അപകടമായിരുന്നെന്നും അവിടെ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കഴിഞ്ഞദിവസം ബാലക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും സമാനമായ പദപ്രയോഗമാണ് നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തെ പുല്‍വാമ അപകടമെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത്തരം പദപ്രയോഗങ്ങളിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മാനസികാവസ്ഥയാണ് പ്രതിഫലിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ കേശവപ്രസാദ് മൗര്യയുടെ വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കളും തിരിച്ചടിച്ചു. നേരത്തെ വിവാദത്തിലകപ്പെട്ട ദിഗ്‌വിജയ് സിങും യു.പി. ഉപമുഖ്യമന്ത്രിയുടെ വീഡിയോ റീട്വീറ്റ് ചെയ്തിരുന്നു.
Content Highlights: up deputy cm keshavaprasad maurya calls pulwama attack as big accident, video spreads