ന്യൂഡല്‍ഹി: രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയില്‍ എസ്പിജി ഭേദഗതി ബില്ലിന്മേല്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെയായിരുന്നു ഈ പരാമര്‍ശം.
ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് എസ്പിജി ഭേദഗതി ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നതെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ ആരോപണം. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പകപ്പോക്കലിനെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി. കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി നിങ്ങള്‍ കൊന്നൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ഇടത് എം.പിമാര്‍ രംഗത്തെത്തി. തങ്ങളുടെ പ്രവര്‍ത്തകരും രാഷ്ട്രീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി ഇടതു എം.പിമാര്‍ പറഞ്ഞു. എന്നാല്‍ അത് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ആകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഭരിച്ചാലും അത് സംഭവിക്കുന്നു. പക്ഷേ, എല്ലായ്‌പ്പോഴും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു. ഇതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ക്കിടെയാണ് ചൊവ്വാഴ്ച രാജ്യസഭയില്‍ എസ്പിജി ഭേദഗതി ബില്‍ പാസായത്. ഇനിമുതല്‍ പ്രധാനമന്ത്രിക്ക് മാത്രം എസ്പിജി സുരക്ഷ മതിയെന്ന് അനുശാസിക്കുന്ന നിയമ ഭേദഗതി നേരത്തെ ലോക്‌സഭയും പാസാക്കിയിരുന്നു.
Content Highlights: union home minister amit shah says left parties killed 120 bjp rss workers in kerala