ന്യൂഡല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ബി.പി.സി.എല്‍) ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അഞ്ച് പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ അംഗീകാരം നല്‍കിയതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കൊച്ചിന്‍ റിഫൈനറിയിലെയും ഓഹരികള്‍ വില്‍ക്കും
ബി.പി.സി.എല്ലിലെ 53.29 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. എന്നാല്‍ ബിപിസിഎല്ലിന് കീഴിലുള്ള അസമിലെ നുമാലിഘട്ട് റിഫൈനറിയിലെ ഓഹരികള്‍ വില്‍ക്കില്ല. ബിപിസിഎല്ലിന് പുറമേ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ (എസ്.സി.ഐ) 53.75 ശതമാനം ഓഹരികളും കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ(കോണ്‍കോര്‍) 30.9 ശതമാനം ഓഹരികളും വില്‍ക്കും.
സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള ടി.എച്ച്.ഡി.സി. ഇന്ത്യയിലെയും നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെയും ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കും. പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറയ്ക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സ്‌പെക്ട്രം ലേലത്തുക അടയ്ക്കാന്‍ കുടിശ്ശിക വരുത്തിയ ടെലികോം കമ്പനികള്‍ക്ക് രണ്ടുവര്‍ഷം മൊറോട്ടോറിയം അനുവദിക്കാനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ക്കാണ് ഈ ആനുകൂല്യം ആശ്വാസകരമാവുക.
Content Highlights: union cabinet approves disinvestment in bpcl and four public sector undertakings
Share this Article
Related Topics