ഭോപ്പാല്‍: കുടുംബസ്വത്ത് ഭാഗംവെക്കുന്നതിന് നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട കൈക്കൂലി ചോദിച്ച തഹസില്‍ദാറിനോട് യുവകര്‍ഷകന്റെ വേറിട്ട പ്രതിഷേധം.
മധ്യപ്രദേശിലെ സിരോഞ്ജ് താലൂക്കിലാണ് സംഭവം. ഏഴ് മാസം മുമ്പ് നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ 25,000 രൂപ ആവശ്യപ്പെട്ടതിന് തഹസില്‍ദാറിന്റെ കാറില്‍ തന്റെ പോത്തിന് കെട്ടിയിടുകയായിരുന്നു.ഭൂപത് രഘുവംശി എന്ന കര്‍ഷകനാണ് ഈ വിധത്തില്‍ പ്രതിഷേധിച്ചത്.
കുടുംബസ്വത്തായ ഭൂമി തന്റെയും പിതാവിന്റേയും പേരില്‍ വീതിച്ചു നല്‍കുന്നതിന് ആവശ്യമായ രേഖകളുള്‍പ്പെടെയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്. ഏഴ് മാസം താലൂക്ക് ഓഫീസില്‍ കയറിയിറങ്ങിയിട്ടും തീര്‍പ്പാക്കി നല്‍കിയില്ല.
വന്‍തുക കൈക്കൂലിയായി ആവശ്യപ്പെടുകയും കൂടി ചെയ്തതോടെ തനിക്ക് വേറെ വഴിയില്ലാതായി എന്നാണ് ഭൂപത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍ തഹസില്‍ദാര്‍ സിദ്ധാന്ത് സിങ് സിംഗ്ല ഇക്കാര്യങ്ങള്‍ നിഷേധിച്ചു. കീഴുദ്യോഗസ്ഥരുടെ അനാസ്ഥയാണ് നടപടി ക്രമങ്ങള്‍ വൈകിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണ മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷകളില്‍ നടപടിയുണ്ടാകാറുണ്ടെന്നും സിംഗ്ല കൂട്ടിച്ചേര്‍ത്തു.
ഭൂപതിന്റെ കാര്യം ശ്രദ്ധയില്‍ പെട്ടതോടെ അടിയന്തരനടപടിയെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തഹസില്‍ദാറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights:Unable to pay demanded bribe, farmer ties buffalo to officer’s vehicle