ന്യൂഡല്‍ഹി: ഗൂഗിളിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉയര്‍ത്തിക്കാട്ടി ആധാറിന്റെ സുരക്ഷയെപ്പറ്റി ആശങ്ക സൃഷ്ടിക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യങ്ങളാണെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). മൊബൈല്‍ ഫോണിന്റെ കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്തിട്ടുള്ള നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. ആശങ്കപ്പെടാതെ ഫോണിലുള്ള പഴയ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഡിലീറ്റുചെയ്ത് പുതിയ നമ്പര്‍ സേവ് ചെയ്താല്‍ മാത്രംമതി. കാലഹരണപ്പെട്ട ഒരു ഹൈല്‍പ്പ് ലൈന്‍ നമ്പര്‍ സേവ് ചെയ്തിരുന്നതുകൊണ്ട് ഒരു ദോഷവും സംഭവിക്കാനില്ല.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളിക്കളയണമെന്നും യു.ഐ.ഡി.എ.ഐ ട്വീറ്റുകളിലൂടെ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് സമയവും പണവും കളയരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ആധാര്‍ ഉള്ളവരും ഇല്ലാത്തവരുമായ നിരവധി പേരുടെ ഫോണുകളില്‍ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യപ്പെട്ടതായ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഫോണുകളില്‍ ഉള്‍പ്പെടുത്താന്‍ ഫോണ്‍ നിര്‍മാതാക്കള്‍ അടക്കം ആരോടും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നമ്പറുകള്‍ ഫോണില്‍നിന്ന് നീക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനുപിന്നാലെ മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കടന്നുകൂടിയതില്‍ ക്ഷമ ചോദിച്ച് ഗൂഗിള്‍ രംഗത്തെത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നമ്പര്‍ അബദ്ധത്തില്‍ കടന്നുകൂടിയതാണെന്ന് ആയിരുന്നു ഗൂഗിളിന്റെ വിശദീകരണം.
Share this Article