ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് മരണം


പുതുക്കോട്ടയിലെ രാപുസലില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജല്ലിക്കെട്ടിനിടെ രണ്ടു പേര്‍ മരിച്ചു. 83 പേര്‍ക്ക് പരിക്കേറ്റു. മധുരയില്‍ നടക്കുന്ന പ്രതിഷേധത്തിനിടയില്‍ ഒരാള്‍ മരിച്ചു.

എസ്. മോഹന്‍, രാജ എന്നിവരാണ് പുതുക്കോട്ടയിലെ രാപുസലില്‍ നടന്ന ജെല്ലിക്കെട്ടിനിടെ മരിച്ചത്. ജെല്ലിക്കെട്ടിനായി തുറന്നുവിട്ട കാള ജനങ്ങള്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കാളയുടെ കുത്തേറ്റാണ് ജെല്ലിക്കെട്ട് കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്.

നെഞ്ചിലും ഇടുപ്പിലും ഗുരുതര പരിക്കേറ്റ മോഹനും രാജയും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരണപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അതേസമയം, മധുരയില്‍ നടക്കുന്ന സമരത്തിനിടയില്‍ പ്രതിഷധക്കാരില്‍ ഒരാള്‍ മരിച്ചു. ജയ്ഹിന്ദ്പുരം സ്വദേശിയായ ചന്ദ്രമോഹന്‍ (48) ആണ് മരിച്ചത്. നിര്‍ജ്ജലീകരണത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളടക്കം ഏതാനും പേര്‍ക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടി.

കോവില്‍പട്ടിയില്‍ അടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജല്ലിക്കെട്ട് നടന്നു. കോയമ്പത്തൂരില്‍ കാളവണ്ടിയോട്ട മത്സരവും നടന്നു.

മറീന ബീച്ചിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ശക്തമായ സമരം തുടരുകയാണ്. മധുരയിലെ അളങ്കന്നൂരില്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യാനിരുന്ന ജല്ലിക്കെട്ട് ഉപേക്ഷിച്ചിരുന്നു. മുഖ്യമന്ത്രി മധുരയിലെത്തിയതോടെ നിയമനിര്‍മാണം ആവശ്യപ്പെട്ട് സമരം ശക്തമാക്കുകയായിരുന്നു. സമരക്കാര്‍ ദേശീയപാതകളടക്കം ഉപരോധിച്ചു. ഇതോടെയാണ് ജെല്ലിക്കെട്ട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി തുടര്‍ന്ന് ചെന്നൈയ്ക്ക് മടങ്ങി.

തിരുച്ചിറപ്പള്ളിയില്‍ നടന്ന ജെല്ലിക്കെട്ടിന്റെ ദൃശ്യങ്ങള്‍.

— ANI (@ANI_news) 22 January 2017

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram