ലോക റെക്കോഡ് ലക്ഷ്യംവെച്ച് ജെല്ലിക്കെട്ട്: രണ്ട് മരണം, മുപ്പതോളം പേര്‍ക്ക് പരിക്ക്


തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ നേതൃത്വത്തിൽ ലോകറെക്കോഡ് ലക്ഷ്യം വെച്ചായിരുന്നു ജെല്ലിക്കെട്ട് സംഘടിപ്പിച്ചത്

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ചയാണ് ലോക റെക്കോഡ് ലക്ഷ്യംവെച്ച് 1354 കാളകളെ ഉള്‍പ്പെടുത്തി ജെല്ലിക്കെട്ട് നടത്തിയത്.

റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്. ജെല്ലിക്കെട്ട് കാണാനെത്തിയവരായിരുന്നു ഇവര്‍. മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫ്‌ളാഗ് ഓഫ് ചെയ്തത്. തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റെക്കോഡ് മറികടക്കാന്‍ ലക്ഷ്യംവെച്ച് ഇത്തവണ 424 മത്സരാര്‍ത്ഥികളും ജെല്ലിക്കെട്ടിനായി കളത്തിലിറങ്ങിയിരുന്നു.

അതേസമയം, ഒരൊറ്റ ദിവസത്തില്‍ ഇത്രയധികം കാളകളെ മത്സരത്തിനിറക്കുന്നത് ഇതാദ്യമായാണെന്നും തമിഴ്ജനതയുടെ പ്രതാപം പ്രകടമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ വ്യക്തമാക്കി. തമിഴ്ജനതയുടെ പ്രതാപവും കരുത്തും തെളിയിക്കുന്നതാണ് ജെല്ലിക്കെട്ട് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

1354 കാളകളെയാണ് ഇത്തവണ മത്സരത്തിനിറക്കിയതെന്നും കഴിഞ്ഞ റെക്കോഡ് നേട്ടത്തിലുണ്ടായിരുന്ന 647 എണ്ണത്തെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയാണെന്നും വേള്‍ഡ്കിങ്‌സ് ലോകറെക്കോഡ് യൂണിയന്‍ പ്രതിനിധി വ്യക്തമാക്കി. 2000 ത്തോളം കാളകളെയാണ് ഇത്തവണ മത്സരത്തിനായി തയാറാക്കിയിരുന്നത്. എന്നാല്‍ സമയക്രമീകരണംമൂലം എണ്ണം പുന:ക്രമീകരിക്കുകയായിരുന്നു.

മൃഗങ്ങള്‍ക്കെതിരേ നടക്കുന്ന ക്രൂരതയും സുരക്ഷാപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി 2014 ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരേ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയരുകയും തുടര്‍ന്ന് 2017 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ചില നിബന്ധനകളോടെ ജെല്ലിക്കെട്ടിന് അനുമതി നേടിയെടുക്കുകയുമായിരുന്നു.

Content Highlights: Two killed, 30 injured during bull-taming festival Jallikattu in Tamil Nadu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram