ന്യൂഡല്‍ഹി: ബംഗാളിലെ മുന്‍മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ.യുമായ സോവന്‍ ചാറ്റര്‍ജി ബി.ജെ.പി.യില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി. നേതാക്കളായ അരുണ്‍ സിങ്, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് സോവന്‍ ചാറ്റര്‍ജി ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്.
മമതയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് ഇപ്പോള്‍ ബി.ജെ.പി.യില്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും മുകുള്‍ റോയ് പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി പോലും ലഭിക്കില്ലെന്നത് താന്‍ വീണ്ടും ആവര്‍ത്തിച്ചു പറയുകയാണെന്നും മുകുള്‍ റോയ് വ്യക്തമാക്കി.
ദീര്‍ഘകാലം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച സോവന്‍ ചാറ്റര്‍ജി മമത ബാനര്‍ജിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു. മമത സര്‍ക്കാരില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 2010 മുതല്‍ 2018 വരെ കൊല്‍ക്കത്ത കോര്പ്പറേഷന് മേയറുമായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ഇതുവരെ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇതിനുപുറമേ വിവിധ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി.യില്‍ അംഗത്വമെടുത്തിരുന്നു.
Content Highlights: tmc leader and former kolkata mayor sovan chatterjee joined bjp