ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ച പോരാളിയാണ് ടിപ്പു സുല്‍ത്താനെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്. കര്‍ണാടകയില്‍ ടിപ്പു ജയന്തി ആചരണവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെയാണ് ബഹുമുഖ വാദങ്ങളെ തള്ളി പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
കര്‍ണാടക നിയമസഭയുടെ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രസിഡന്റ് ടിപ്പുവിന്റെ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്. പ്രസിഡന്റിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് പ്രതിനിധികള്‍ പിന്തുണച്ചു.
മൈസൂര്‍ റോക്കറ്റ് വികസിപ്പിക്കുന്നതില്‍ പ്രധാനിയായിരുന്നു ടിപ്പു. ഈ സങ്കേതിക വിദ്യയാണ് പിന്നീട് യൂറോപ്യന്മാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ണാടക നിയമസഭയില്‍ പ്രസംഗിച്ചതില്‍ പ്രസിഡന്റിന് അഭിനന്ദനവും സന്തോഷവുമറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ രംഗത്തെത്തി.
അതേസമയം പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ പരാമര്‍ശത്തിനെിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റ് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു.
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആചരിക്കുന്നതിന്റെ പേരില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ആശയ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ പ്രസ്താവന. ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗെ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. നവംബര്‍ പത്തിനാണ് ടിപ്പു ജയന്തി. കൊലപാതകിയും, ബലാത്സംഗ വീരനുമായ ടിപ്പുവിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചടങ്ങില്‍ നിന്നും ഒഴിവാക്കണമെന്ന് അനന്തകുമാര്‍ ആവശ്യപ്പെട്ടത്.
2015 മുതലാണ് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചു തുടങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തുന്ന ആഘോഷങ്ങളെ ബിജെപി എതിര്‍ത്തു. ടിപ്പു ജയന്തി ആചരണം ഹിന്ദു വിരുദ്ധമാണെന്നായിരുന്നു ബിജെപി വാദം.