മുംബൈ: സിനിമാക്കഥകളെ വെല്ലുന്ന മോഷണത്തിന്റെ ഞെട്ടലിലാണ് മുംബൈ നഗരം. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ലോക്കറില്‍ നിന്ന് നാല്പത് ലക്ഷം രൂപയിലധികം മൂല്യമുള്ള വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത്.
ഇരുപത്തിയഞ്ച് അടിയിലധികം ദൂരത്തില്‍ തുരങ്കം നിര്‍മ്മിച്ച് അതിലൂടെയാണ് മോഷ്ടാക്കള്‍ ലോക്കര്‍ മുറിയിലെത്തിയത്. ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ ആണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച്ച ജോലിക്കെത്തിയ ജീവനക്കാരാണ് ലോക്കര്‍ റൂമില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. 225 ലോക്കറുകളുള്ളതില്‍ 30 എണ്ണമാണ് കൊള്ളയടിക്കപ്പെട്ടത്.
മോഷ്ടാക്കള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ബാങ്കിന് അല്പം സമീപത്തുള്ള കടമുറി വാടകയ്‌ക്കെടുത്ത സംഘമാണ് മോഷണത്തിന് പിന്നില്‍. അവിടെ നിന്ന് തുരങ്കം നിര്‍മ്മിച്ചാണ് അവര്‍ ബാങ്കിനുള്ളില്‍ കടന്നത്.
സിസിടിവി ദൃശ്യങ്ങളെയാണ് അന്വേഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
content highlights: robbery, mumbai, Thieves Tunnel 25 Feet Into Bank, bank of baroda