ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയില്‍ ഒരു ചെറിയ പാകിസ്താന്‍ വളര്‍ന്നുവരുന്നുവെന്ന പഴയ ലേഖനം ട്വീറ്റ് ചെയ്ത ബി.ജെ.പി നേതാവ് രാം മാധവിന്റെ നടപടി വിവാദമാകുന്നു. ജെ.എന്‍.യു വിന് ശേഷം ജാമിയ മിലിയക്കെതിരെ നീക്കം നടക്കുന്നുവെന്ന തരത്തില്‍ കൊല്‍ക്കത്തയിലെ പ്രമുഖ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് പ്രശ്‌നം ദേശീയ തലത്തില്‍ ചര്‍ച്ചയായത്.
സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും അവരിഷ്ടപ്പെടുന്ന രീതിയില്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അത്തരമൊരു നീക്കം നടക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ട്വീറ്റെന്ന് ജാമിയ ടീച്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം.എസ് ഭട്ട് ആരോപിച്ചു.
മൂന്ന് വര്‍ഷം മുമ്പ് ഡെയ്‌ലി മെയിലിലാണ് പാകിസ്താന്‍ വംശജനായ കനേഡിയന്‍ ആക്ടിവിസ്റ്റ് തരേക് ഫത്തായുടെ പ്രഭാഷണം ജാമിയ മിലിയ സര്‍വകലാശാലയില്‍ റദ്ദാക്കിയത് സംബന്ധിച്ച ലേഖനം വന്നത്. പാകിസ്താന്‍ നയങ്ങളെ നിശിതമായി വിമര്‍ശിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങളും മറ്റും അവിടെ നിരോധിച്ചിട്ടുണ്ട്. ആയിടക്കാണ് ജാമിയ മിലിയയില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണവും വേണ്ടെന്ന് വച്ചത്. സര്‍വകലാശാലയിലെ ഹാളിന് പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിന്റെ പേരിട്ടതിനേക്കുറിച്ച് താന്‍ സംസാരിക്കാന്‍ കരുതിയിരുന്നുവെന്നും തന്നേക്കുറിച്ച് മനസ്സിലാക്കിയ 'മുസ്ലീം മൗലികവാദികള്‍' ഇടപെട്ട് പ്രഭാഷണവും ചര്‍ച്ചയും തടയുകയായിരുന്നുവെന്നും ഫത്തേ പറഞ്ഞതായി ലേഖനത്തിലുണ്ട്.
തന്നെ പാകിസ്താനില്‍ സംസാരിക്കാന്‍ അനുവദിക്കില്ല, ഡല്‍ഹിയിലെ ജാമിയയില്‍ അതുപോലെ ഒരു ചെറിയ പാകിസ്താന്‍ വളര്‍ന്നുവരുന്നത് സങ്കടകരമാണ് എന്ന് യാസര്‍ ഫത്താ പറഞ്ഞതായും ഡെയ്‌ലി മെയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഈ ലേഖനമാണ് രാം മാധവ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. എന്നാല്‍ ട്വിറ്റര്‍ സന്ദേശത്തേക്കുറിച്ച് രാം മാധവ് മറ്റൊന്നും പ്രതികരിച്ചിട്ടില്ല.