ഭുവനേശ്വര്‍: ബാഗ് തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച്, പുഴയിലെ കഴുത്തൊപ്പമെത്തുന്ന വെള്ളം കടന്ന് സ്‌കൂളിലേക്ക് പോകുന്ന ഒരു അധ്യാപിക- ബിനോദിനി സമാല്‍. ഒഡീഷയിലെ ഠേംഗാനല്‍ ജില്ലയിലെ രഠിയാപാല്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ് ബിനോദിനി.
മണ്‍സൂണ്‍ മഴ ശക്തിപ്രാപിക്കുന്നതോടെ വര്‍ഷത്തില്‍ നാലുമാസം കരകവിയുന്ന സാപുവാ നദികടന്നാണ് ബിനോദിനിയുടെ സ്‌കൂളിലേക്കുള്ള യാത്ര. കഴിഞ്ഞ പതിനൊന്നുവര്‍ഷമായി ഈ സ്‌കൂളില്‍ അധ്യാപികയാണ് 49കാരിയായ ബിനോദിനിയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പലപ്പോഴും നാട്ടുകാരായ പുരുഷന്മാര്‍ ബിനോദിനിക്ക് വഴികാട്ടിയായി പോകാറുണ്ട്.
പുഴയില്‍ വെള്ളം നിറയുന്നതോടെ സ്‌കൂളിലേക്ക് വരുന്നത് നിര്‍ത്താന്‍ ബിനോദിനിയോട് നാട്ടുകാര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും അവര്‍ ഇക്കാര്യം ചെവിക്കൊള്ളാറില്ലത്രെ. 53 കുട്ടികളാണ് സ്‌കൂളിലുള്ളത്. 'ബിനി ദീദി'യെന്നാണ് ബിനോദിനി അവിടെ അറിയപ്പെടുന്നത്.
കഴിഞ്ഞവര്‍ഷം, ഒഴുക്കില്‍പ്പെടാതെ തലനാരിഴയ്ക്കാണ് ഞാന്‍ രക്ഷപ്പെട്ടത്. പക്ഷെ എങ്ങനെയാണ് സ്‌കൂളില്‍ പോകാതിരിക്കാനാവുക-ബിനോദിനി ചോദിക്കുന്നു. മഴക്കാലത്ത് ബിനോദിനിയുടെ വിദ്യാര്‍ഥികളില്‍ പലരും മാതാപിതാക്കളുടെ ചുമലില്‍ ഇരുന്നാണ് പുഴ കടന്ന് സ്‌കൂളിലേക്ക് വരുന്നത്.
പുഴയ്ക്ക് കുറുകേ പാലമില്ലാത്തതാണ് ബിനോദിനിക്കും വിദ്യാര്‍ഥികള്‍ക്കും മഴക്കാലത്ത് ഇത്രയേറെ ബുദ്ധിമുട്ടുണ്ടാകാന്‍ കാരണം. പുഴയ്ക്കു കുറുകേ പാലം നിര്‍മിക്കണമെന്നത് രണ്ടുപതിറ്റാണ്ടിലേറെയായി നാട്ടുകാരുടെ ആവശ്യമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഈ ആവശ്യം പരിഗണിച്ചിട്ടില്ല. എന്നാല്‍ കഴുത്തൊപ്പം വെള്ളത്തില്‍ പുഴയിലൂടെ കടക്കുന്ന ബിനോദിനിയുടെ ചിത്രങ്ങള്‍ ഇക്കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ കാര്യങ്ങളില്‍ മാറ്റം വരുന്ന ലക്ഷണമാണുള്ളത്.
നിലവിലെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും അധ്യാപികയുടെ ആത്മസമര്‍പ്പണത്തെ സല്യൂട്ട് ചെയ്യുന്നതായും ഹിന്ദോള്‍ എം എല്‍ എ സിമറാണി നായിക് പ്രതികരിച്ചു. പാലം ഉടന്‍തന്നെ നിര്‍മിക്കുമെന്നും അടുത്ത മണ്‍സൂണ്‍കാലത്ത് ഇത്തരമൊരു പ്രശ്‌നം ഉണ്ടാവുകയില്ലെന്നും ബി ജെ ഡി എം എല്‍ എയായ സിമറാണി പറഞ്ഞു.
content highlights: teacher crossing neck deeper water to reach school in odisha