ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയിലെ അധികാരവടംവലി കോടതിയിലെത്തി.. ടിടിവി ദിനകരനൊപ്പം നില്ക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ തുടര്‍നടപടി മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.
വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേയും നീട്ടി. കേസ് ഇനി പരിഗണിക്കുന്ന ഒക്ടോബര്‍ നാല് വരെ വിശ്വാസ വോട്ടെടുപ്പ് സഭയില്‍ നടത്താനും പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.
അയോഗ്യരാക്കിയ എം.എല്‍.എമാരുടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം ഇറക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് സ്റ്റേ നല്കാന് കോടതി തയാറായില്ല.
18 പേര് അയോഗ്യരാകുന്നതോടെ സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ച നിലയിലായിരുന്നു എടപ്പാടി പളനിസാമി സര്‍ക്കാര്‍. പുതിയ സാഹചര്യത്തില്‍ ഇനി കോടതിവിധിക്ക് വിധേയമായിട്ടായിരിക്കും 18 പേരുടെയും സര്‍ക്കാരിന്റെയും ഭാവി.